| Saturday, 30th August 2014, 4:27 pm

ടൈറ്റാനിയം: മന്ത്രിമാരെ പ്രതിയാക്കേണ്ടെന്ന് നിയമോപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: 258 കോടി രൂപയുടെ അഴിമതി ആരോപണമുയര്‍ന്ന ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതികളാക്കേണ്ടെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. കോടതി ഉത്തരവില്‍ ഇവരെ പ്രതികളാക്കേണ്ട കാര്യം പറയുന്നില്ലെന്നും വിജിലന്‍സിന്റെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വക്കം ശശിധരന്‍ സര്‍ക്കാരിനെ അറിയിച്ചു.

അതേസമയം, ടൈറ്റാനിയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും പബ്ലിക് എന്റര്‍പ്രൈസ് ബോര്‍ഡ് അംഗങ്ങളുടെയും ഭാഗത്ത് നിന്ന് ദുരൂഹമായ ഇടപെടലുകള്‍ നടന്നതായി കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ പ്രതികളാക്കേണ്ടിവരുമെന്ന് നിയമോപദേശത്തിലുണ്ട്. മലിനീകരണ നിയന്ത്രണ പദ്ധതിയുണ്ടാക്കുകയും വിദേശകരാര്‍ വിളിക്കാനും നടത്തിപ്പിനും മെക്കോണ്‍ കമ്പനിക്ക് പവര്‍ ഒഫ് അറ്റോര്‍ണി നല്‍കുകയും ചെയ്ത കമ്പനി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍, മെക്കോണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ക്കും. ഈ സാഹചര്യത്തില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകും.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരായ കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നാണ് വിജിലന്‍സ് നിയമവിഭാഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടും. ഇതിന് ശേഷമാകും തുടര്‍നടപടി സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് ഉത്തരവില്‍ വ്യത്യസ്ത പരാമര്‍ശമാണുള്ളതെന്നും വിജിലന്‍സ് വിലയിരുത്തി. വിധിപകര്‍പ്പ് പരിശോധിച്ചശേഷമാണ് വിശദമായ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് 15.50 കോടി രൂപ നഷ്ടത്തിലായിരിക്കേയാണ് പ്രതിവര്‍ഷം 45 കോടി പ്രവര്‍ത്തനചിലവ് വരുന്ന മെക്കോണിന്റെ മലിനീകരണ നിയന്ത്രണ പദ്ധതിക്ക് ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്‍കിയത്. മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, മുന്‍ എം.ഡി ഈപ്പന്‍ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് അഡീഷണല്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ശശീന്ദ്രന്‍ വിജിലന്‍സ് മേധാവി വിന്‍സണ്‍ എം. പോളിന് നിയമോപദേശം നല്‍കിയിട്ടുള്ളത്.

മുന്‍ ചെയര്‍മാന്റേയും ഡയറക്ടര്‍ ബോര്‍ഡിന്റേയും കമ്പനി പ്രതിനിധികളുടേയും പലനീക്കങ്ങളും ദുരൂഹമാണ്. മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ പലഘട്ടത്തിലും സ്വീകരിച്ച നിലപാടുകള്‍ അവ്യക്തവും ദുരൂഹതയുളവാക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ കേസെടുത്ത് ആഴത്തിലുള്ള അന്വേഷണം നടത്താമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നിര്‍ദേശിച്ചത്. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ പരിസ്ഥിതി മേല്‍നോട്ട സമിതിക്ക് മുഖ്യമന്ത്രി കത്തെഴുതിയത്. ഈ കത്തില്‍ മെക്കോണ്‍ കമ്പനിയുടെ പേര് പറഞ്ഞു എന്നതുകൊണ്ട് മാത്രം മുഖ്യമന്ത്രിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാകില്ലെന്നാണ് വിജിലന്‍സ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം. മെക്കോണ്‍ കമ്പനി നേരത്തെ പദ്ധതിക്കുവേണ്ടി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളതാണ്. മറ്റൊരു ആരോപണവും മുഖ്യമന്ത്രിയ്‌ക്കെതിരെയില്ല. മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതിചേര്‍ക്കാനും കോടതി നിര്‍ദേശമില്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more