തിരുവനന്തപുരം: മുന്‍മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്വത്ത് വിവരം പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദ്ദേശം നല്‍കി. രഹസ്യ പരിശോധന നടത്താനാണ് നിര്‍ദേശം. യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ വീടുകളിലും റെയ്ഡ് നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി.എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ലിജോ ഒരു കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി.എന്‍ ബാലകൃഷ്ണനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.പരിശോധനയില്‍ വിജിലന്‍സ് വ്യക്തമായ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. ലിജോ വരുമാനത്തേക്കാള്‍ 200 ശതമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.