തിരുവനന്തപുരം: സ്വന്തം റിസോര്‍ട്ടിലേയ്ക്കുള്ള റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും ചെയ്തുവെന്ന ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.
കേസെടുത്താല്‍ ഏതൊക്കെ വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നാണ് വിജിലന്‍സ് പ്രധാനമായും അഡ്വക്കറ്റ് ജനറല്‍ ആരാഞ്ഞത്. തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമാണ് ആരോപണമുയര്‍ന്നത്.
മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.
അതിനിടെ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാണാതായ ഫയലുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആലപ്പുഴ നഗരസഭയുടെ ഒഴിഞ്ഞു കിടന്നിരുന്ന മുറിയിലെ അലമാരയില്‍ നിന്നുമാണ് ഫയല്‍ കണ്ടെത്തിയത്. ഇനിയും മൂന്ന് ഫയലുകള്‍ കൂടി കണ്ടെത്താനുണ്ട്.
റിസോര്‍ട്ട് വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കി കൊണ്ടുള്ള 2000 ലെ ഫയലുകളാണ് അന്ന് കാണാതായത്.