തിരുവനന്തപുരം: അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്ന മന്ത്രി കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ആരോപണങ്ങള്‍ കേട്ടുകേള്‍വി മാത്രമെന്നും ഹരജിയില്‍ വാദം കേള്‍ക്കവെ വിജിലന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഭക്ഷ്യകിറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ മന്ത്രി കെ. ടി ജലീല്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ വിജിലന്‍സിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നടന്ന വാദം കേള്‍ക്കലിലാണ് കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. പരാതിക്കാരന്‍ ഹരജി നല്‍കിയിരിക്കുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണങ്ങളൊന്നും തന്നെ അഴിമതി നിരോധന വകുപ്പിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് വിജിലന്‍സിന് വേണ്ടി വാദിച്ച പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്.
ഹരജി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലായതിനാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ സാധിക്കില്ല എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഗവര്‍ണറില്‍ നിന്നും തനിക്ക് പ്രോസിക്യൂഷന്‍ അനുമതി വാങ്ങാന്‍ സാവകാശം തരണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. ഈ കേസ് അഴിമതി വിരുദ്ധ നിയമത്തിന് കീഴില്‍ വരുന്നതാണോ എന്ന് അറിയാനായി കേസില്‍ അടുത്ത മാസം 30ല്‍ വാദം കേള്‍ക്കും.
കണ്‍സ്യൂമര്‍ ഫെഡിന്റെ സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്. അതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vigilance says at court that appeal against K T Jaleel that won’t stand a chance