| Saturday, 28th November 2020, 11:58 am

'നിങ്ങളെന്നോട് ചോദിച്ചത് ശുദ്ധ അസംബന്ധം; വിജിലന്‍സ് നിയമം തീരുമാനിക്കേണ്ട'; കെ.എസ്.എഫ്.ഇ വിവാദത്തില്‍ വാസ്തവമിതെന്ന് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്. നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല അതിന് നിയമവകുപ്പുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

”കെ.എസ്.എഫ്.ഇ യുടെ പണം ദൈനംദിനം കിട്ടുന്നത് ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. പ്രവാസി ചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ അതിന് അനുമതിയും കൊടുത്തിട്ടുണ്ട്.

കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്തിയതില്‍ തങ്ങള്‍ക്ക് പേടിയൊന്നുമില്ല. അവരുടെ സമയം കളഞ്ഞുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല’, തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത് നിയമത്തിന്റെ പ്രശ്‌നമാണ്. നിയമം എന്തെന്ന് വ്യാഖാനിക്കേണ്ടത് വിജിലന്‍സ് അല്ല. നിയവകുപ്പിന്റെ അനുമതിയോടുകൂടിയാണ് കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി പണം കിഫ്ബിയുടെ ബോണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ക്രമക്കേടോ കാര്യങ്ങളോ ഉണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.

കെ.എസ്.എഫ്.ഇയുടെ പണം ട്രഷറിയില്‍ അടക്കേണ്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘ഇപ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചത് ശുദ്ധ അസംബന്ധമാണെന്നും എത് നിയമത്തിലാണ് കെ.എസ്.എഫ്.ഇയുടെ പണം ട്രഷറിയില്‍ അടക്കണമെന്ന് പറഞ്ഞതെന്നും’ തോമസ് ഐസക് ചോദിച്ചു.

സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

രണ്ടു ലക്ഷത്തിന് മുകളില്‍ മാസ അടവുകള്‍ വരുന്ന ചിട്ടികളില്‍ ചേരുന്ന ചിറ്റാളന്മാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ കൊല്ലം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍, പൊലീസ് ഇന്‍സ്പെക്ടര്‍മാരായ അജയ് നാഥ്, സുധീഷ്, അബ്ദുല്‍ റാന്‍ എന്നിവരും കൊല്ലം കോ-ഓപറേറ്റിവ് ഓഡിറ്റ് ഡിപ്പാര്‍ട്മന്റെിലെ അസി. ഡയറക്ടര്‍ തുളസീധരന്‍ നായര്‍, കൊല്ലം ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫിസിലെ ഓഡിറ്റ് ഓഫിസര്‍ ഹയര്‍ ഗ്രേഡ് നവീന്‍ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vigilance need not interfere in law matters; Thomas Isac’s response to vigilance raid in Ksfe offices

We use cookies to give you the best possible experience. Learn more