| Wednesday, 15th May 2019, 10:32 pm

ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്: അരിയിലും വെള്ളത്തിലും മായം കലര്‍ത്തിയെന്ന ലാബ് റിപ്പോര്‍ട്ട് മുക്കിയതായി കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. അരിയിലും വെള്ളത്തിലും മായം കലര്‍ത്തിയെന്ന ലാബ് പരിശോധനാ ഫലം അടക്കം മുക്കിയതായാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് നാളെ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.

വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി അനില്‍കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 45 ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് റെയിഡ് നടത്തിയത്.

ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ കോഴ വാങ്ങി കേസുകള്‍ ഒതുക്കുന്നുവെന്നായിരുന്നു എ.ഡി.ജി.പിക്ക് ലഭിച്ച വിവരം. തുടര്‍ന്നാണ് റെയ്ഡ് നടത്താന്‍ ഉത്തരവിട്ടത്.

വയനാട് മീനങ്ങാടിയില്‍ കുപ്പിവെളള കമ്പനിയിലെ വെളളത്തില്‍ കലര്‍പ്പുള്ളതായി ലാബ് പരിശോധനാ ഫലത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുക്കിയതായി വിജിലന്‍സ് കണ്ടെത്തി. കല്‍പ്പറ്റയില്‍ അരിയില്‍ മായം കലര്‍ത്തിയതായുള്ള ലാബ് റിപ്പോര്‍ട്ടും ഇപ്പോള്‍ കാണാനില്ല.

പത്തനംതിട്ട ആറന്‍മുളയിലും അടൂരിലും ഭക്ഷണത്തില്‍ മായം കലര്‍ത്തിയതിനെത്തുടര്‍ന്ന് വന്‍കിട ഹോട്ടലുകള്‍ക്ക് ചുമത്തിയ ഒരുലക്ഷത്തിലധികം വരുന്ന പിഴ അയ്യായിരം രൂപയായി ഒതുക്കിയതായും റെയ്ഡില്‍ കണ്ടെത്തി.

Latest Stories

We use cookies to give you the best possible experience. Learn more