തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയാരോപണം; മന്ത്രി മെഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം
Daily News
തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയാരോപണം; മന്ത്രി മെഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 5:12 pm

mercy


കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നായിരുന്നു പരാതി


തിരുവനന്തപുരം:  തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ പത്തരക്കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അഡ്വ. റഹീം നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നായിരുന്നു പരാതി. അഴിമതി ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന് ആരോപിച്ച് റഹീം തിരുവനന്തപുരം വിജിലന്‍സ് കോടതിയേയും സമീപിച്ചിരുന്നു.  ഈ പരാതി വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.


Read more: നോട്ടുനിരോധനമുണ്ടാക്കിയ ഓവര്‍ഡ്യൂട്ടിക്ക് നഷ്ടപരിഹാരം നല്‍കണം: ജനുവരി 3 ബാങ്ക് ജീവനക്കാരുടെ ദേശീയ പ്രതിഷേധം

അതേ സമയം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിജിലന്‍സ് സി.ഐ ജ്യോതികുമാറിനായിരുന്നു അന്വേഷണ ചുമതല

മെഴ്‌സിക്കുട്ടിയമ്മക്കെതിരെ വി.ഡി സതീശന്‍ എം.എല്‍.എയാണ് നിയമസഭയില്‍ ആദ്യമായി അഴിമതിയാരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അഴിമതി തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.