കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
Kerala
കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 11:13 am

കോഴിക്കോട്: മുസ്‌ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യല്‍.

റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നു. ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഷാജി ഹാജരായത്.

വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലന്‍സ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് അറിയുന്നത്.

മുസ്‌ലിം ലീഗ് സെക്രട്ടറി കൂടിയായ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. ഇതിന് രേഖ ഹാജരാക്കാന്‍ ഒരാഴ്ച ഷാജിക്ക് സമയം അനുവദിച്ചിരുന്നു.

സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തിരുന്നുവെങ്കിലും അത് വിട്ട് കൊടുത്തു. ഇതിനിടെ ഷാജിയുടെ വീടുകള്‍ അളന്നു തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.

കെ എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2012 മുതല്‍ 2021 വരെയുള്ള 9 വര്‍ഷ കാലഘട്ടത്തില്‍ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കെ.എം. ഷാജി ജനവിധി തേടിയിരുന്നു. ഷാജിയെ നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Vigilance Questions KM Shaji