| Saturday, 19th May 2012, 10:26 am

വി.എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വി.എസ്. അച്യൂതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉന്നതവിദ്യാഭ്യാസവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു.

ഐ.സി.ടി അക്കാദമി സ്ഥാനത്തേക്കുള്ള നിയമനം, അഡീഷണല്‍ സ്ഥാനത്തേക്കുള്ള നിയമനം, ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം എന്നിവയാണ് വിജിലന്‍സിന് വിടുന്നത്. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

ഐ.എച്ച്.ആര്‍.ഡിയിലെ അനധികൃത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വി.എ. അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ഐ.സി.ടി അക്കാദമി ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനം ക്രമവിരുദ്ധമാണെന്നും വി.ഡി. സതീശന്‍ എം.എല്‍.എയുടെ അധ്യക്ഷതയിലുള്ള സമിതി വ്യ്ക്തമാക്കിയിരുന്നു. ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടര്‍, ഐ.സി.ടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തിരിമറി സംബന്ധിച്ച് തെളിവില്ലെന്നുമായിരുന്നു സമിതിയുടെ അന്നത്തെ വിലയിരുത്തല്‍

അരുണ്‍കുമാറിന് അനധികൃത നിയമനമാണ് നല്‍കയതെന്നെ പി.സി.വിഷ്ണുനാഥ് എം.എല്‍.എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വി.എ അരുണ്‍കുമാറിനെതിരെ അന്വേഷണം ആരംഭിക്കുന്നത്.  അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നന്ന് വി.എസ് അച്യുതാന്ദന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. 18 അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജോലി ലഭിച്ചത്.

എം.സി.എയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കയര്‍ഫെഡ് എം.ഡിയായി നിയമിതനായി. രണ്ടു വര്‍ഷത്തിനുശേഷം ഐ.എച്ച്.ആര്‍.ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിച്ചു.

അധ്യാപനപരിചയമില്ലായിരുന്നെങ്കിലും ഏഴുവര്‍ഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഐ.എച്ച്.ആര്‍.ഡിയിലുള്ളവര്‍ക്കേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

We use cookies to give you the best possible experience. Learn more