Kerala News
'വിദേശത്ത് നിന്നടക്കം വന്‍തോതില്‍ പണം പിരിച്ചു'; കെ. സുധാകരന്റെ 15 വര്‍ഷത്തെ വരുമാന സ്രോതസ് വിജിലന്‍സ് പരിശോധിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 26, 07:38 am
Monday, 26th June 2023, 1:08 pm

 

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ വരുമാന സ്രോതസിനെ കുറിച്ച് പ്രാഥമിക അന്വേഷണം തുടങ്ങി വിജിലന്‍സ്. സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനമാണ് പരിശോധിക്കുന്നതെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു.

കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിക്കുന്നത്. കെ. സുധാകരന്റെ ഭാര്യ സ്മിതയുടെയുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

സുധാകരന്റെ ഭാര്യ ജോലി ചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. സ്മിതയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങളാണ് വിജിലന്‍സ് തേടിയിട്ടുള്ളത്.

കെ. സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് 2021ല്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. കണ്ണൂരില്‍ ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വന്‍ തോതില്‍ സുധാകരന്‍ പണം പിരിച്ചിരുന്നു.

ഇതില്‍ വലിയ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ഡ്രൈവര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നും വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി സുധാകരനും സ്ഥിരീകരിച്ചു. ഏതുതരം അന്വേഷണവും നേരിടാന്‍ ത യ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

‘എന്റെ സാമ്പത്തിക വരുമാനത്തെക്കുറിച്ചോ വരുമാന സ്രോതസിനെ കുറിച്ചോ എന്ത് അന്വേഷണം നടത്തിയാലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എവിടെയെങ്കിലും കള്ളപ്പണമോ മറ്റോ ഉണ്ടെങ്കില്‍ കണ്ടെടുത്തോട്ടെ, ശിക്ഷിച്ചോട്ടെ. ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാറാണ്,’ സുധാകരന്‍ പറഞ്ഞു.

അതേസമയം പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും നാളെ വിജിലന്‍സിന് മുമ്പാകെ മൊഴി നല്‍കുമെന്നും സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു അറിയിച്ചു. ചിറക്കല്‍ രാജാസ് സ്‌കൂളില്‍ മാത്രം 16 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും പ്രശാന്ത് ബാബുവിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

Content Highlights: vigilance investigates k sudhakaran’s assets in last 15 years