'ഓപ്പറേഷന്‍ സ്പീഡ് ചെക്ക്'; ആര്‍.ടി.ഒ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
Kerala
'ഓപ്പറേഷന്‍ സ്പീഡ് ചെക്ക്'; ആര്‍.ടി.ഒ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 8:49 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പലയിടത്തു നിന്നും കണക്കില്‍ പെടാത്ത പണം വിജിലന്‍സ് കണ്ടെത്തി. ഇന്ന് വൈകുന്നേരം 4: 30 നാണ് പരിശോധന തുടങ്ങിയത്. ‘ഓപ്പറേഷന്‍ സ്പീഡ് ചെക്ക്’ എന്ന പേരിലാണ് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.

നേരത്തെ ഗതാഗത കമ്മീഷണറുടെ അന്വേഷണപ്രകാരം സംസ്ഥാനത്തെ മോട്ടോര്‍ ചെക്‌പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കൂടുതലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് മറുപടി നല്‍കിയിരുന്നു.

ഇടുക്കിയില്‍ നിന്നുമാണ് കൂടുതല്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്. പീരുമേട് ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് 60,000 രൂപയും, അടിമാലിയില്‍ നിന്നും 58,000 രൂപയും, ഇടുക്കി നഗരപ്രദേശത്തു നിന്നും 16,000 രൂപയും കണ്ടെടുത്തു. തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. എറണാകുളം ആലുവ, കോഴിക്കോട്, തിരുവനന്തപുരം നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നെല്ലാം കണക്കില്‍ പെടാത്ത പണം ലഭിച്ചിട്ടുണ്ട്.

ഏജന്റുമാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഇടപെട്ട് അഴിമതി നടത്തുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം പണം പിടിച്ചെടുത്തത് ഗൗരവതരമായാണ് മോട്ടോര്‍ വാഹന വകുപ്പും വിജിലന്‍സും കാണുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vigilance inspection in r.t.o office