| Saturday, 4th January 2025, 10:24 am

ഡി.സി.സി ട്രഷററുടെ ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയിലും അര്‍ബന്‍ ബാങ്കിലെ നിയമന കോഴയിലും സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. നിയമനക്കോഴയില്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികള്‍ ബത്തേരി ഡി.വൈ.എസ്.പിക്ക് കൈമാറി.

ബാങ്ക് നിയമനനക്കോഴയും തുടര്‍ന്നുണ്ടായ കട ബധ്യതയും ഡി.സി.സി ട്രഷററുടെ ആത്മഹത്യയ്ക്ക് കാരണമായോയെന്ന് അന്വേഷണസംഘം പരിശോധിക്കും.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഐ.സി ബാലകൃഷ്ണന്‍ നിഷേധിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെ മുന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ ഐ.സി ബാലകൃഷ്ണനും വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമ്പോള്‍ തന്നെയാണ് സമാന്തരമായി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത് ഡി.സി.സി പ്രസിഡന്റ് വിജയന്റെ മരണവും വിവിധ ബാങ്കുകളിലായുള്ള അദ്ദേഹത്തിന്റെ ഒരു കോടിരൂപയോളം വരുന്ന കട ബാധ്യതകളുമാണ്.

വിജയന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകളാണെന്ന് പൊലീസ് നടത്തിയ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം പത്തോളം ബാങ്കുകളിലാണ് വിജയന് കടബാധ്യത ഉണ്ടായിരുന്നത്.

ഇതിന് പുറമെ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോഴയും വിജിലന്‍സ് അന്വേഷിക്കും.

ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ.സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഏകദേശം 55 ലക്ഷം നിയമനം നല്‍കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് കൈക്കലാക്കിയതായാണ് ആരോപണം. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി നിയമനം നടത്തിയ പലരുടേയും നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.

ബാങ്ക് നിയമനത്തിനു വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയാതായതോടെ എന്‍.എം.വിജയന്‍ തന്റെ ഭൂമി ഈടു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Content Highlight: Vigilance inquiry ordered against I.C. Balakrishnan

We use cookies to give you the best possible experience. Learn more