| Thursday, 19th September 2024, 8:46 pm

എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഡി.ജി.പിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും അന്വേഷണ പരിധിയില്‍ ഉൾപ്പെടുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സസ്പെന്‍ഷനിലായ മുന്‍ മലപ്പുറം എസ്.പി സുജിത് ദാസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ സംഘത്തെ നാളെ (വെള്ളിയാഴ്ച) നിശ്ചയിക്കും. ഇന്ന് രാത്രിയോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് കൈമാറും.

എ.ഡി.ജി.പിക്കെതിരെ പ്രാഥമിക അന്വേഷണമാണോ വിജിലന്‍സ് അന്വേഷണമാണോ നടത്തേണ്ടത് എന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത നാളെ അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.ഡി.ജി.പിക്കെതിരെ സര്‍ക്കാരിന് മുമ്പാകെ ഡി.ജി.പി സമര്‍പ്പിച്ച ശുപാര്‍ശയില്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, കേസ് ഒതുക്കുന്നതിന് ഓണ്‍ലൈന്‍ ചാനലില്‍ നിന്ന് പണം വാങ്ങി അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

നേരത്തെ അജിത് കുമാറിനെതിരെ അന്വേഷണമില്ലെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. തങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ ഏജന്‍സി ഉള്ളതിനാല്‍ അജിത് കുമാറിനെതിരെ വിജിലന്‍സിന്റെ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിലയിരുത്തല്‍.

സംസ്ഥാന പൊലീസ് മേധാവി നല്‍കിയ ശുപാര്‍ശ കൂടാതെ വിജിലന്‍സിന് നേരിട്ടും അജിത് കുമാറിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.

ഇതില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നല്‍കിയ പരാതി, മറ്റൊരു കേസ് ഒത്തുതീര്‍പ്പാക്കാനായി അജിത് കുമാര്‍ ഒന്നര കോടി രൂപ കൈകകൂലി വാങ്ങി, പങ്കാളിയുടെയും അവരുടെ സഹോദരന്റെയും പേരില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതി എന്നിങ്ങനെ നിരവധി പരാതികള്‍ അജിത് കുമാറിനെതിരെ വിജിലന്‍സിന് ലഭിച്ചിരുന്നു.

പ്രസ്തുത പരാതികളില്‍ അന്വേഷണം വേണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടാവട്ടെ എന്നാണ് വിജിലന്‍സ് നല്‍കിയിരുന്ന വിശദീകരണം. ഇതിനുപിന്നാലെയാണ് ഡി.ജി.പിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശുപാർശ നൽകി ആറ് ദിവസത്തിന് ശേഷമാണ് സർക്കാർ നടപടിയെടുക്കുന്നത്.

Content Highlight: Vigilance inquiry ordered against ADGP MR Ajit Kumar

We use cookies to give you the best possible experience. Learn more