തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം പ്രത്യേക കോടതി ജയരാജനെതിരായ കേസ് അവസാനിപ്പിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്.
ബന്ധുനിയമന വിവാദം മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിച്ചതിനാല്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. നേരത്തെ ജയരാജനെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും സുധീര്‍ നമ്പ്യാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് കണ്ടപ്പോള്‍ തന്നെ റദ്ദാക്കിയെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.