കോട്ടയത്തെ സമൂഹ വിവാഹം, കെ.എസ്.എഫ്.ഇ നിയമനം, ഗവ. പ്ലീഡര്‍മാരുടെ നിയമനം എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്.
തിരുവനന്തപുരം: മൂന്ന് അഴിമതി ആരോപണ കേസുകളില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.
കോട്ടയത്തെ സമൂഹ വിവാഹം, കെ.എസ്.എഫ്.ഇ നിയമനം, ഗവ. പ്ലീഡര്‍മാരുടെ നിയമനം എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണം സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കി.
കെ.എസ്.എഫ്.ഇ നടത്തിയ നിയമനങ്ങളില്‍ 3 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും ഗവ. പ്ലീഡര്‍മാരെ നിയമിച്ചതില്‍ 5 മുതല്‍ 10 ലക്ഷം രൂപവരെ കോഴ വാങ്ങിയെന്നുമായിരുന്നു പരാതി. കൂടാതെ കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് വെച്ച് നടത്തിയ സമൂഹ വിവാഹം ബാര്‍കോഴയിലെ പണം ഉപയോഗിച്ചാണ് നടത്തിയതെന്നും പരാതി ഉണ്ടായിരുന്നു.
ഈ പാരാതിയിലെല്ലാം ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 53 യുവതികളുടെ വിവാഹം നടത്തിയത് പാര്‍ട്ടി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചായിരുന്നു. ഇതിന് 5 കോടി രൂപ ചെലവ് വന്നിരുന്നുവെന്ന് മാണി തന്നെ പറഞ്ഞിരുന്നു. ഈ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പരാതിക്കാരന് എതിര്‍വാദമുണ്ടെങ്കില്‍ അടുത്ത മാസം നാലിന് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.