വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ താമസസ്ഥലത്ത് നിന്ന് ഒരു കോടി രുപ കണ്ടെത്തി വിജിലന്‍സ്
Kerala News
വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ താമസസ്ഥലത്ത് നിന്ന് ഒരു കോടി രുപ കണ്ടെത്തി വിജിലന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 11:58 pm

പാലക്കാട്: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ താമസ സ്ഥലത്ത് നിന്ന് ഒരു കോടി രൂപയിലേറെ രൂപ വിജിലന്‍സ് കണ്ടെത്തി. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്നാണ് 35 ലക്ഷം രൂപ പണമായും 70 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്രയധികം തുക പിടിക്കുന്നത് ആദ്യമാണെന്ന് വിജിലന്‍സുമായി ബന്ധപ്പൈട്ട സോഴ്‌സുകള്‍ പറയുന്നു.

പലരില്‍ നിന്നായി കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാവിലെ മഞ്ചേരി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങിയതിന് സുരേഷിനെ പൊലീസ് പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മണ്ണാറക്കാട്ടെ ഇയാളുടെ ലോഡ്ജില്‍ നടത്തിയ അന്വേഷണത്തിലാണ് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തത്. പ്രതി ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.

ഒരു ചെറിയ ലോഡ്ജില്‍ പലയിടത്തായി സൂക്ഷിച്ച നിലയിലായിരുന്നു കെട്ടുകണക്കിന് നോട്ടുകളുണ്ടായിരുന്നത്. പല നോട്ടുകളും പൊടിപിടിച്ചും മാറാല പിടിച്ചുമാണ് കിടന്നിരുന്നെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂക്ഷിച്ചുവെച്ച പണമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.

അവിവാഹിതനായ സുരേഷ് കുമാര്‍ തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരത്തെ വീട്ടിലും വിജിലന്‍സ് പരിശേധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ സുരേഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കും.