കൊച്ചി: മുന്‍ ധനകാര്യമന്ത്രി കെ.എം മാണിയ്‌ക്കെതിരായ ബാറ്ററി കേസില്‍ മലക്കം മറിഞ്ഞ് വിജിലന്‍സ്. തെറ്റ് പറ്റിയെന്ന് ഹൈക്കോടതിയിലാണ് വിജിലന്‍സ് ഏറ്റുപറഞ്ഞത്. അധികാരമില്ലാത്ത വിഷയത്തില്‍ അന്വേഷണം നടത്തിയത് തെറ്റായി പോയെന്നും വിജിലന്‍സ് പറഞ്ഞു.
കേസ് അവസാനിപ്പിക്കുന്നതിനായയുള്ള സത്യവാങ്മൂലവും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ, നിയമസഭാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അധികാരമില്ലെന്ന് കോടതി പറഞ്ഞിരുന്നു. നിയമസഭയ്ക്ക് മുകളിലാണോ വിജിലന്‍സ് എന്നും കോടതി ചോദിച്ചു.
Also Read: മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളതിനാല്‍; കാട്ടിയത് മര്യാദ കേട്: എം.എം മണി
കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് അനധികൃതമായി നികുതിയിളവ് നല്‍കിയ സംഭവമാണ് കേസിന് ആധാരം. ഇതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഉത്രാടദിനത്തില്‍ മൂന്നര മണിക്കൂറോളം കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. നികുതി വകുപ്പ് സെക്രട്ടറിയുടെയും കൊമേഴ്‌സല്‍ ടാക്‌സ് കമ്മിഷണറുടെയും ശുപാര്‍ശ പ്രകാരമാണ് നികുതി ഇളവ് നല്‍കിയതെന്നും വാറ്റ് നിയമത്തില്‍ വന്ന ഒരു പിശക് താന്‍ തിരുത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കെ.എം.മാണി മൊഴി നല്‍കിയത്.