| Thursday, 18th August 2016, 4:42 pm

യു.ഡി.എഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചത് അഴിമതി നടത്താനെന്ന് വിജിലന്‍സ് ഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഹരിപ്പാടുള്‍പ്പെടെയുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് പദ്ധതികള്‍ അഴിമതിക്കുവേണ്ടിയായിരുന്നുവെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

വയനാട്, പാലക്കാട്, ഇടുക്കി, ഹരിപ്പാട് മെഡിക്കല്‍ കോളജുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിച്ചശേഷമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ആരോഗ്യ സംരക്ഷണത്തിന്റെ മറവില്‍ അഴിമതി നടത്തിയെന്നാണ് അരങ്ങൊരുക്കിയതായാണ് വിജിലന്‍സ് തലവന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ ഹരിപ്പാട് മെഡിക്കല്‍ കോളജും ഉള്‍പ്പെടും.

ആഭ്യന്തര മന്ത്രിയായിരിക്കെ ചെന്നിത്തല മുന്‍കയ്യെടുത്താണ് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. ഇതുള്‍പ്പെടെയുള്ള പദ്ധതികള്‍ അഴിമതി ലക്ഷ്യംവെച്ചായിരുന്നുവെന്നു വിജിലന്‍സ് ഡയറക്ടര്‍ പറയുന്നു.

ആരോഗ്യമേഖലയിലെ അഴിമതികള്‍ പരിശോധിച്ചു തുടങ്ങിയതിന്റെ ഭാഗമായി ആലപ്പുഴയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചശേഷമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി സംബന്ധിച്ച ത്വരിതാന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും തുടര്‍ന്ന് മറ്റു മെഗാ പദ്ധതികളും പരിശോധിക്കും. നിലവില്‍ കണ്‍സള്‍ട്ടിന്‍സി കരാറാണ് അന്വേഷിക്കുന്നതെങ്കിലും പ്രഥമിക അന്വേഷണത്തില്‍ ബോധ്യമാകുന്ന അഴിമതികളെല്ലാം പരിധിയില്‍ ഉള്‍പ്പെടുത്തും. നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നടത്തിപ്പു സംബന്ധിച്ച പരാതികളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more