| Friday, 29th August 2014, 1:28 pm

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ട; വിജിലന്‍സ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


[] തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടി ദുരൂഹമാണ്. സത്യം പുറത്തുകൊണ്ടു വരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.മാലിന്യ പ്ലാന്റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. സത്യം പുറത്തുവരാന്‍ കെ.കെ. രാമചന്ദ്രന്റെ മൊഴിയെടുക്കണം. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയാനാകില്ല. നിലവില്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ആയാല്‍ നിയമപരിരക്ഷ ലഭിക്കില്ല. പരാതി നല്‍കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിലെ പ്രതികളായ ഡി. ബാസുവിനെയും രാജീവനെയും ചോദ്യം ചെയ്യാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കു കീഴിലെ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ നടപടികളും ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടികളും ദുരൂഹമാണെന്നും കോടതി പറഞ്ഞു. അന്ന് കെ.പി.സി.സി പ്രസിഡന്റായതുകൊണ്ടാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും കേസ് വന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ഹരജിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം മുന്‍ എം.ഡി ഈപ്പന്‍ ജോസഫ് അടക്കമുള്ള ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികളായ ഡി. ബാസു, രാജീവന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയായിരുന്നു കോടതി ഉത്തരവ്.

അതേസമയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.  ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിന് എന്ത് ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ 200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്നതാണ് ആരോപണം. രമേശ് ചെന്നിത്തല അന്ന് മന്ത്രിസഭാംഗമല്ലായിരുന്നെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് പരാതിക്കാന്‍ ഉന്നയിച്ചത്.

We use cookies to give you the best possible experience. Learn more