തിരുവനന്തപുരം: കശുവണ്ടി കോര്‍പറേഷനില്‍ തോട്ടണ്ടി വാങ്ങിയതിലെ അഴിമതിയില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എം.ഡി. കെ.എ രതീഷ്, ജെ.എം.ജെ കമ്പനി പ്രതിനിധി എന്നിവര്‍ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.
2015 ആഗസ്റ്റില്‍ 2000 മെട്രിക് ടണ്‍ കശുവണ്ടി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കൊല്ലം സ്വദേശി കടകംപള്ളി മനോജിന്റെ പരാതിയിലാണ് കേസ്. കശുവണ്ടി ഇറക്കുമതി ചെയ്യുമ്പോള്‍ നിയമാനുസൃതമുള്ള ടെന്‍ഡര്‍ നടപടികള്‍ പാലിച്ചില്ലെന്നും നിലവാരമില്ലാത്ത കശുവണ്ടിയാണ് ഇറക്കിയതെന്നുമാണ് കേസ്. പരാതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നത്. മനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനിലെ മറ്റ് ക്രമക്കേടുകള്‍ സി.ബി.ഐ. അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
25 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ ടെന്‍ഡര്‍ വേണമെന്നിരിക്കെ കോര്‍പറേഷന്‍ ചട്ടം ലംഘിച്ചുവെന്നും ഇതിനാല്‍ ഒരാള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഒരു ചാക്കിലെ 80 കിലോഗ്രാം കശുവണ്ടി സംസ്‌കരിക്കുമ്പോള്‍ 24 കിലോഗ്രാം പരിപ്പ് കിട്ടണം. ഇവിടെ ഈ അളവില്‍ പരിപ്പ് കിട്ടിയില്ലെന്നും ഇതു നിലവാരം കുറഞ്ഞത് കൊണ്ടാണെന്നും പരാതിയിലുണ്ടായിരുന്നു.