തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടറായ അശോക് കുമാറിര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണം. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ട് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉത്തരവിറക്കി.
വകുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തുതേങ്ങ ഇറക്കുമതിയിലെ ക്രമക്കേട് തുടങ്ങിയ ഇടപാടുകളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തിയെന്നതാണ് അശോക് കുമാര്‍ തെക്കനെതിരെയുള്ള പ്രധാന ആരോപണം. ഇതിനു പുറമേ സംസ്ഥാനത്തെ കൊപ്ര മറിച്ചുവിറ്റ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്തുവെന്നും ആരോപണമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ കൊണ്ടുവന്ന് കൂടിയ വിലക്ക് വാങ്ങിയെന്നതാണ് മറ്റൊരു ആരോപണം.
അശോക് തെക്കനെ മാറ്റി നിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തിയ ധനകാര്യപരിശോധനാ വിഭാഗം മുന്‍കൃഷിമന്ത്രി കെ.പി മോഹനന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ ഫയലുകളെല്ലാം വിജിലന്‍സിന് നല്‍കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്നാണ് ആരോപണം.
കൃഷിമന്ത്രിയായി വി.എസ്.സുനില്‍കുമാര്‍ ചുമതലയേറ്റശേഷം ഫയലുകള്‍ വിളിച്ചുവരുത്തി അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.
കൃഷിവകുപ്പ് സെക്രട്ടറിയായ രാജു നാരായണ സ്വാമിക്കായിരിക്കും ഡയറക്ടറുടെ താല്‍ക്കാലിക ചുമതല.