തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാനുള്ള നിയമപരമായ അധികാരം വിജിലന്‍സ് ഡയരക്ടര്‍ക്കില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് വൃത്തങ്ങള്‍.
വിജിലന്‍സ് ഡയറക്ടറുടെ പോലീസ് സ്‌റ്റേഷന്‍ പദവി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യക വിഞ്ജാപനത്തിലൂടെ വെട്ടിക്കുറിച്ചതാണെന്നും അതുകൊണ്ട് തന്നെ ഏത് കേസിലും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം ഇല്ലാതായെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.
ഏതെങ്കിലും കേസില്‍ നേരിട്ട് പരാതി ലഭിച്ചാല്‍ വിജിലന്‍സിന്റെ അതാത് യൂണിറ്റുകളിലേക്ക് അയച്ചുകൊടുക്കുക എന്നതുമാത്രമാണ് ഡയറക്ടറുടെ ചുമതലയെന്നും വിജിലന്‍സ് പറയുന്നു.
അതുകൊണ്ട് തന്നെ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാനുള്ള നിയമപരമായ ബാധ്യത ഡയറക്ടര്‍ക്ക് ഇല്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കാലതാമസം നേരിടുന്നെന്ന കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
Dont Miss ശാഖയില്‍ ചേരാത്തതിന് ദളിത് വിദ്യാര്‍ഥിയെ ആര്.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച നടപടിയുണ്ടായത്. അസാധാരണ നോട്ടിഫിക്കേഷനിലൂടെയാണ് അധികാരം നീക്കിയത്. മന്ത്രിമാര്‍ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ നടപടി ഇപ്പോഴത്തെ സര്‍ക്കാരും തുടരുകയായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ക്ക് അഡ്മിനിസ്‌ട്രേഷന്റേയും കേസന്വേഷണത്തിന്റെ മേല്‍നോട്ടത്തിന്റേയും ഭാരിച്ച ചുമതലയുണ്ടെന്നും അതുകൊണ്ട് തന്നെ പോലീസ് സ്റ്റേഷന്റെ ചുമതല അധികഭാരമാണെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ നടപടി.
ഇതോടെ ഏത് കേസിലും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം ഇല്ലാതാവകയായിരുന്നെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.
മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ കേസെടുക്കുന്നതിലും അന്വേഷിക്കുന്നതിലും എന്തുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ചോദിച്ചിരുന്നു. മന്ത്രിയായിരുന്ന ഇ.പി ജയരാജനും ഐ.ജി ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകിയെന്നും ഇതിന് കാരണമെന്താണെന്നും കോടതി ചോദിച്ചിരുന്നു.
തോട്ടണ്ടി ഇറക്കുമതിയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരായ അഴിമതി ആരോപണം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
തുടര്‍ന്ന് വിജിലന്‍സ് ആസ്ഥാനത്താണ് യോഗം വിളിക്കുകയും പരാതികളില്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.