Advertisement
Kerala News
ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും; തീരുമാനം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 26, 07:45 am
Tuesday, 26th January 2021, 1:15 pm

കൊച്ചി: അഴിമതി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. ഇബ്രാഹിം കുഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നാണ് വിജിലന്‍സ് നിലപാട്.

ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

നേരത്തെ തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു സര്‍ക്കാറും ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തന്റെ പാര്‍ട്ടിയും യു.ഡി.എഫുമാണ്. താന്‍ മത്സരിച്ചാല്‍ യു.ഡി.എഫിന് ബാധ്യതയാവില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞ്് പറഞ്ഞത്.

കര്‍ശന ഉപാധികളോടെയാണ് വി.കെ ഇബ്രാഹിം കുഞ്ഞിന് കോടതി ജാമ്യം അനുവദിച്ചത്. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

നവംബര്‍ 26നാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vigilance against Ibrahim Kunju; Will approach court to cancel bail