| Thursday, 18th July 2024, 1:14 pm

ഇന്റർനെറ്റിലൂടെ ചൈൽഡ് പോണോഗ്രഫി കാണുന്നത് കുറ്റമല്ല; നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരം: കർണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് ഐ.ടി നിയമപ്രകാരം കുറ്റകരമല്ലെന്ന് കർണാടക ഹൈക്കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ കാണുന്ന വ്യക്തിക്കെതിരെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം കുറ്റം ചുമത്താനാകില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.

ഇനായത്തുള്ള എൻ എന്ന വ്യക്തിക്കെതിരെയുള്ള കേസ് റദ്ദാക്കി കൊണ്ട് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി.

ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം ഇലക്ട്രോണിക് മാർഗങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശിക്ഷ ബാധകമാണെന്ന് കോടതി പറഞ്ഞു.

ഹരജിക്കാരൻ ചൈൽഡ് പോണോഗ്രഫി നിർമ്മിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അത് കാണുക മാത്രമാണ് ചെയ്തതെന്നതിനാൽ, ഈ വകുപ്പിന് കീഴിലുള്ള കുറ്റം ചുമത്താനാവില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ.

‘ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ബിയിൽ പറഞ്ഞിരിക്കുന്നതുപോലെ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തയ്യാറാക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ അത് ഷെയർ ചെയ്യുന്നതിനും ഏതൊരു വ്യക്തിയെയും ശിക്ഷിക്കാം.

എന്നാൽ ഇവിടെ കേസിൽ ഉൾപ്പെട്ട ആൾ വീഡിയോ ആരുമായും പങ്കിട്ടിട്ടില്ല, വെറുതെ കണ്ടു എന്നതിന്റെ പേരിൽ കുറ്റം ചുമത്താനാവില്ല,’ ബെഞ്ച് പറഞ്ഞു.

കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് തടയുക എന്നതാണ് ഈ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം ദുരുപയോഗം ചെയ്യാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Content Highlight: Viewing child pornography not an offense under IT Act: Karnataka HC

We use cookies to give you the best possible experience. Learn more