വാഷിംഗ്ടണ്‍: വിയറ്റ്‌നാം യുദ്ധം പകര്‍ത്തിയ നിക്ക് ഉട്ടിന് വൈറ്റ് ഹൗസില്‍വെച്ച് അവാര്‍ഡ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് നാഷണല്‍ മെഡല്‍ ഓഫ് ആര്‍ട്‌സ് അവാര്‍ഡാണ് ട്രംപ് വിയറ്റ്‌നാം യുദ്ധത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നാപാം ഗേള്‍ എന്ന ചിത്രം പകര്‍ത്തിയതിന് നല്‍കിയത്.
നാപാം ബോംബാക്രമണത്തില്‍ നിന്ന് രക്ഷനേടുവാനായി ധരിച്ചിരിക്കുന്ന വസ്ത്രം കത്തി വീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒന്‍പത് വയസ്സുള്ള ഫാന്‍ തി കിംഫുക് എന്ന പെണ്‍കുട്ടിയുടെ ചിത്രം നിക്ക് ഉട്ടിന് ലോക ശ്രദ്ധ നേടികൊടുത്തിരുന്നു.
പുലിറ്റ്‌സര്‍ സമ്മാനത്തിനും ഈ ചിത്രം അര്‍ഹമായിരുന്നു. അസോസിയേറ്റ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്നു നിക്ക് ഉട്ട്. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണ് ട്രംപ് നിക്ക് ഉട്ടിന് തന്നെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നല്‍കിയതെന്നും ചര്‍ച്ചയാകുന്നുണ്ട്.
അതേസമയം ക്യാപിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപില്‍ നിന്നും അവാര്‍ഡ് വാങ്ങിയതുകൊണ്ട് നിക്ക് ഉട്ടിനു നേരെയും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുന്നത് തന്റെ വ്യക്തിപരമായ താത്പര്യമാണെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും നിക്ക് ഉട്ട് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്ത കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര ദക്ഷിണ വിയറ്റ്‌നാമുകള്‍ തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധങ്ങളില്‍ 1965 -ലായിരുന്നു അമേരിക്കയുടെ സായുധ ഇടപെടല്‍. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ തന്റെ ‘ഡോമിനോസ് തിയറി’ കൊണ്ട് വിയറ്റ്‌നാം അധിനിവേശത്തിനു വേണ്ട ന്യായങ്ങള്‍ ചമച്ചു.
1959 -ല്‍ തന്നെ ഈ രണ്ട് കക്ഷികള്‍ക്കിടയിലുള്ള യുദ്ധം തുടങ്ങിയിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ ആദ്യം സൈനിക ഉപദേശങ്ങള്‍ മാത്രമായി അമേരിക്കന്‍ ഇടപെടല്‍ ഒതുങ്ങി നിന്നിരുന്നു എങ്കില്‍, 1965 -ല്‍ സൈന്യത്തെ നിയോഗിച്ചതോടെ അത് പൂര്‍ണ്ണമായ സായുധ ഇടപെടല്‍ ആയി മാറി. 1975 -ല്‍ കമ്യൂണിസ്റ്റ് ശക്തികള്‍ വിയറ്റ്‌നാമിലെ അധികാരം പിടിച്ചടക്കി ഉത്തര ദക്ഷിണ വിയറ്റ്‌നാമുകള്‍ ഏകീകരിച്ചതോടെ ആ യുദ്ധം കെട്ടടങ്ങുകയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ ഈ ചിത്രത്തിന്റെ സത്യസന്ധതയെക്കുറിച്ച് സംശയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിയ അസോസിയേറ്റഡ് പ്രസ്സ് ചിത്രത്തിന്റെ വാസ്തവികത നിസ്സംശയം തെളിയിക്കാന്‍ തങ്ങള്‍ തയ്യാറെണെന്നു പ്രതികരിക്കുകയായിരുന്നു.