പുതിയ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി വിയറ്റ്‌നാം പ്രസിഡന്റ് ചുമതലയേറ്റു
Worldnews
പുതിയ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി വിയറ്റ്‌നാം പ്രസിഡന്റ് ചുമതലയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 11:23 am

കംബോഡിയ: കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ തലവനായി വിയറ്റ്‌നാം പ്രസിഡന്റ് ടോം ലാം ചുമതലയേറ്റു. ടോം ലാമിന്റെ മുൻഗാമിയും മുൻ ജനറൽ സെക്രട്ടറിയുമായ ഗുയെൻ ഫു ട്രോങ്ങിന്റെ മരണത്തിന് പിന്നാലെയാണ് ടോം ലാമിനെ പാർട്ടി നേതാവായി തെരഞ്ഞെടുക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായ വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയാണ് 67 കാരനായ ടോം ലാം.

ട്രോങ്ങിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പാർട്ടി മേധാവിയുടെ ചുമതലകൾ ടോം താത്‌കാലികമായി ഏറ്റെടുത്തിരുന്നു. പിന്നീടാണ് അദ്ദേഹത്തെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. പാർട്ടി പ്രതിനിധികൾ ലാമിന്റെ പേര് ഏകകണ്ഠമായി പിന്തുണച്ചതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡന്റ് പദവിയിൽ ടോം ലാം തുടരുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. ട്രോങ്ങിന്റെ പാരമ്പര്യം താൻ കാത്ത് സൂക്ഷിക്കുമെന്നും അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ലാം തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

‘ഞാൻ പൊലീസ് മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന കാലയളവിൽ അഴിമതി വിരുദ്ധ ക്യാമ്പയിൻ കൈകാര്യം ചെയ്യുന്നതിൽ എനിക്ക് നല്ല അനുഭവ സമ്പത്ത് ഉണ്ട്. എന്റെ പ്രവർത്തനങ്ങളിൽ അത് ഞാൻ തീർച്ചയായും പ്രതിഫലിപ്പിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ മന്ത്രിയാകുന്നതിന് മുമ്പ് ടോം ലാം പൊതു സുരക്ഷാ മന്ത്രാലയത്തിൽ നാല് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിരുന്നു. ഫു ട്രോങ് നയിച്ച അഴിമതി വിരുദ്ധ സമരത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് ടോം ലാം. അഴിമതി വിരുദ്ധ സമരത്തെ തുടർന്ന് വോ വാൻ തുവോങ് രാജി വെച്ചതോടെയാണ് ടോം ലാം പ്രസിഡന്റായത്.

 

 

Content Highlight: Vietnam’s president is Communist Party chief