സമുദ്രാതിര്‍ത്തി ലംഘിച്ച് ചൈനയുടെ എണ്ണഖനനം: ഫാക്ടറികള്‍ക്ക് തീവെച്ച് വിയറ്റ്‌നാം പ്രതിഷേധം
Daily News
സമുദ്രാതിര്‍ത്തി ലംഘിച്ച് ചൈനയുടെ എണ്ണഖനനം: ഫാക്ടറികള്‍ക്ക് തീവെച്ച് വിയറ്റ്‌നാം പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2014, 7:49 am

[] ഹാനോയ്: വിയറ്റ്‌നാമിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് ചൈന എണ്ണഖനനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിയറ്റ്‌നാം ജനത കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ചൈനീസ് വംശജരുടെ ഉടമസ്ഥതയിലുള്ള നിരവധി ഫാക്ടറികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ തീവെച്ചു. ഒരു തായ്വാനീസ് ഫാക്ടറിയും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

തുവാന്‍ ആന്‍ പട്ടണത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഫാക്ടറി ആക്രമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചൈനക്കെതിരെ ഫാക്ടറികള്‍ തീയിട്ട് നടത്തുന്ന പ്രകോപന നടപടിക്കെതിരെ ചൈനീസ് വിദേശ മന്ത്രാലയം വിയറ്റ്‌നാമിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.

വിയറ്റ്‌നാമിനു പുറമെ ഫിലിപ്പീന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ചൈനയുടെ വികസന നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
എണ്ണനിക്ഷേപത്താല്‍ സമ്പന്നമായ മേഖല സുപ്രധാന കപ്പല്‍ ഗതാഗത പാതയുമായതിനാല്‍ സാമ്പത്തിക താല്‍പര്യങ്ങളോടെ ചൈന മേല്‍ക്കോയ്മാശ്രമം തുടരുന്നതായി അയല്‍രാജ്യങ്ങള്‍ക്ക് ആക്ഷേപമുണ്ട്.

തിങ്കളാഴ്ച ചൈനീസ് തീരദേശ സേനയുടെ കപ്പല്‍ വിയറ്റ്‌നാം കപ്പലിനെതിരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ചൈനക്കെതിരെ ശക്തമായി പ്രതിഷേധം നടത്തിയിരുന്നു.