| Wednesday, 8th July 2015, 3:02 pm

ക്യൂബയ്ക്ക് പിന്നാലെ വിയറ്റ്‌നാമും; വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്ക് ആതിഥ്യമരുളി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ക്യൂബ അമേരിക്കയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ വിയ്റ്റ്‌നാമും അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നു. ഇതിന്റെ സൂചനകള്‍ നല്‍കി കൊണ്ട് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ന്യുയന്‍ ഫു ട്രോങ്ങ് വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായി ചര്‍ച്ച നടത്തി.

വിയറ്റ്‌നാം യുദ്ധമവസാനിച്ച് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് അമേരിക്കയിലെത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയറ്റ്‌നാമുമായുള്ള അമേരിക്കയുടെ ബന്ധം സാധാരണ നിലയിലായിരുന്നത്.

ആദര്‍ശങ്ങളിലും വ്യവസ്ഥിതിയിലും വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായി ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ക്രിയാത്മകമായ ബന്ധം മെച്ചപ്പെട്ടു വരുന്നുണ്ടെന്ന അഭിപ്രായങ്ങളാണ് ചര്‍ച്ചക്കിടെ ഇരു നേതാക്കളും പങ്കു വെച്ചത്.

ദക്ഷിണ ചൈനാക്കടലില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രം കൂടിയായ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് കൂടെ ചര്‍ച്ച ചെയ്യാനാണ് ന്യുയന്‍ ഫു ട്രോങ്ങ് അമേരിക്കയിലെത്തിയിരിക്കുന്നത്. ഇവിടെ വിയറ്റ്‌നാം തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ദ്വീപില്‍ ചൈന സൈനിക താവളം സ്ഥാപിച്ചതായാണ് ആരോപണം.

നേരത്തെ യു.എസ് ക്യൂബ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. നീണ്ട 55 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഇരു രാജ്യത്തെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more