ന്യൂദല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കൊവിഡ് മഹാമാരിയെ മാനുഷികമായ സമീപനത്തോടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ കേരളം മികച്ച പങ്ക് വഹിക്കുന്നുവെന്ന് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദേശകാര്യ വിഭാഗം തലവന്‍ ഹുവാങ് ബിന്‍ ക്വാന്‍ പറഞ്ഞു.
സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയ്ക്കയച്ച കത്തിലാണ് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിനുള്ള അഭിനന്ദനം അറിയിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളം നടത്തുന്ന പോരാട്ടം വ്യാപകമായ അംഗീകാരം നേടിയെന്ന് കത്തില്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ എല്ലാ ഇടതുപക്ഷ-പുരോഗമന ശക്തികളെയും കൂട്ടിയോജിപ്പിച്ച് സി.പി.ഐ.എം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
‘അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സി.പി.ഐ.എം നിരന്തരം പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇത് വലിയ പ്രചോദനമാണ്’, കത്തില്‍ പറയുന്നു.
ഒട്ടേറെ പാഠങ്ങള്‍ ഇതില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ട്. ജനങ്ങളോടാണ് കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് വിയറ്റ്‌നാമിന് ബോധ്യമുണ്ടെന്നും കത്തില്‍ പറഞ്ഞു.
കൊവിഡിനെതിരായ യുദ്ധത്തില്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഒന്നിച്ചുനീങ്ങാനുള്ള സന്നദ്ധതയും പ്രതിബദ്ധതയും വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ടി അറിയിച്ചു.