| Sunday, 9th June 2024, 7:33 pm

വിജയ്‌യെ വിറപ്പിച്ച വില്ലന്‍ ഇനി ശിവകാര്‍ത്തികേയനെതിരെ, 10 വര്‍ഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചെത്തി ബോളിവുഡ് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്. രജിനികാന്ത് ചിത്രം ദര്‍ബാറിന് ശേഷം എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നടന്നിരുന്നു.

ശിവകാര്‍ത്തികേയന്റെ 23ാമത് ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്തയാണ് അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ശിവകാര്‍ത്തികേയന്റെ വില്ലനായാണ് വിദ്യുത് ചിത്രത്തില്‍ എത്തുന്നത്. നേരത്തെ മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം തുപ്പാക്കിയില്‍ വില്ലനായും സൂര്യ നായകനായ അഞ്ചാനില്‍ നായകന്റെ സുഹൃത്തായും വിദ്യത് എത്തിയിരുന്നു. 10 വര്‍ഷത്തിന് വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുകയാണ് വിദ്യുത്.

സിനിമയുടെ സെറ്റില്‍ വിദ്യുതും അണിയറപ്രവര്‍ത്തകരും സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ 40 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് മുരുകദോസ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഒമ്പതാം തവണയാണ് ശിവയും അനിരുദ്ധും ഒന്നിക്കുന്നത്. സപ്ത സാഗരാദാച്ചേ എല്ലോ എന്ന കന്നഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കമല്‍ ഹാസന്‍ നിര്‍മിക്കുന്ന അമരനാണ് ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം.

Content Highlight: Vidyut Jamwal on board in Sivakarthikeyan’s 23rd movie

We use cookies to give you the best possible experience. Learn more