| Sunday, 20th October 2024, 8:50 am

തുപ്പാക്കിയില്‍ നിന്ന് ആ നടന്‍ പിന്മാറി; മുരുകദോസ് എന്നെ ആയിരുന്നില്ല ആദ്യം വില്ലനായി കാസ്റ്റ് ചെയ്തത്: വിദ്യുത് ജംവാള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിദ്യുത് ജംവാള്‍. 2011ല്‍ പുറത്തിറങ്ങിയ ശക്തി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ബോളിവുഡിലും അഭിനയിച്ച നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് 2012ല്‍ പുറത്തിറങ്ങിയ മുരുകദോസ് ചിത്രമായ തുപ്പാക്കിയിലൂടെയാണ്. അതില്‍ വിജയ്‌യുടെ വില്ലനായിട്ടാണ് വിദ്യുത് എത്തിയത്.

ഒപ്പം അതേവര്‍ഷം പുറത്തിറങ്ങിയ സൂര്യ നായകനായ അഞ്ചാനില്‍ നായകന്റെ സുഹൃത്തായും വിദ്യുത് എത്തിയിരുന്നു. താന്‍ തുപ്പാക്കിയിലെ മെയിന്‍ വില്ലന്‍ വേഷത്തിലേക്കായിരുന്നില്ല കാസ്റ്റ് ചെയ്യപ്പെട്ടതെന്ന് പറയുകയാണ് നടന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യുത് ജംവാള്‍.

‘നടന്‍ ഒരു സംവിധായകന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതിനെ കുറിച്ച് പറയുമ്പോള്‍ തുപ്പാക്കി സിനിമയെ കുറിച്ച് പറയേണ്ടി വരും. തുപ്പാക്കി എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ മുരുകദോസിന് മുന്നില്‍ നൂറ് ശതമാനവും കീഴടങ്ങിയിരുന്നു. അദ്ദേഹം പറയുന്നതും അദ്ദേഹം ചിന്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു.

അതില്‍ ഏറ്റവും രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാല്‍, എന്നെ സത്യത്തില്‍ വില്ലന്മാരുടെ കൂട്ടത്തിലുള്ള ഒരാളായിട്ടായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. ഞാന്‍ തുപ്പാക്കിയില്‍ മെയിന്‍ വില്ലന്‍ ആയിരുന്നില്ല. ആ കഥാപാത്രം ചെയ്യേണ്ടിയിരുന്ന ആള്‍ ഷൂട്ട് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ‘എനിക്ക് ഒരു ഹിന്ദി സിനിമയില്‍ അവസരം കിട്ടിയിട്ടുണ്ട്. ഞാന്‍ അത് ചെയ്യാന്‍ പോകുകയാണ്’ എന്ന് പറഞ്ഞു.

ഷൂട്ട് തുടങ്ങേണ്ടതിന്റെ മൂന്ന് ദിവസം മുമ്പാണെന്ന് ഓര്‍ക്കണം. ഞാന്‍ എത്ര ഭാഗ്യവാനാണ് (ചിരി). അന്ന് വൈകുന്നേരം മുരുകദോസിനെ കണ്ടത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ അതിന് മുമ്പ് അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നില്ല. പക്ഷെ അദ്ദേഹം എന്റെ ഫോട്ടോസും ശക്തിയിലെ വീഡിയോസുമൊക്കെ കണ്ടിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതും എന്നെ നോക്കിയിട്ട് അദ്ദേഹം ‘നീയാണ് എന്റെ മെയിന്‍ വില്ലന്‍’ എന്ന് പറഞ്ഞു.

അദ്ദേഹം തമാശ പറയുകയായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ആ വില്ലന്‍ കഥാപാത്രം ചെയ്യേണ്ട ആള്‍ അത് ഉപേക്ഷിച്ചിട്ട് പോയ കാര്യം എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്ക് എന്തുകൊണ്ടോ അത് വിശ്വസിക്കാനായില്ല. ഞാന്‍ കരുതിയത് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ എനിക്ക് മനസിലാവാത്തത് കൊണ്ടാകും എന്നാണ്,’ വിദ്യുത് ജംവാള്‍ പറയുന്നു.

Content Highlight: Vidyut Jammwal Talks About Thuppakki Movie And AR Murugadoss

We use cookies to give you the best possible experience. Learn more