Film News
ഈ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ അശ്ലീലത ഉണ്ടാവരുതെന്ന് എസ്.പി.ബി സംവിധായകനോട് അഭ്യര്‍ത്ഥിച്ചു: വിദ്യാസാഗര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 06, 03:39 am
Tuesday, 6th June 2023, 9:09 am

സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ എവര്‍ഗ്രീന്‍ പാട്ടുകളില്‍ ഒന്നാണ് മലരേ മൗനമായി. അര്‍ജുന്‍ നായകനായ കര്‍ണന്‍ എന്ന ചിത്രത്തിലെ ഗാനം പാടിയത് എസ്.പി. ബാലസുബ്രഹ്‌മണ്യവും ജാനകിയുമായിരുന്നു. 30 വര്‍ഷം കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാതെ ജനപ്രിയമായി നില്‍ക്കുന്ന പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് വിദ്യാസാഗര്‍.

നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് ഇത്തരം പാട്ടുകള്‍ ഗായകര്‍ക്ക് ലഭിക്കുന്നതെന്നാണ് അന്ന് ബാലസുബ്രഹ്‌മണ്യം പറഞ്ഞതെന്ന് വിദ്യാസാഗര്‍ പറഞ്ഞു. ആ പാട്ടിനെ അത്രയും ദീര്‍ഘവീക്ഷണത്തോടെ കണ്ടത് ബാലസുബ്രഹ്‌മണ്യമാണെന്നും പാട്ട് പോലെ തന്നെ മനോഹരമായി ചിത്രീകരണം നടത്തണമെന്നും അദ്ദേഹം സംവിധായകനോടും നിര്‍മാതാവിനോടും അഭ്യര്‍ത്ഥന നടത്തിയെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാസാഗര്‍ പറഞ്ഞു.

‘1993ലാണ് ആ പാട്ട് റെക്കോഡ് ചെയ്യുന്നത്. ഇപ്പോള്‍ 30 വര്‍ഷമായി. 30 വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ ആ പാട്ട് ഇഷ്ടപ്പെടുന്നു, പാടുന്നു, ചര്‍ച്ചയാവുന്നു. ആ പാട്ടിന് ഒരു അമരത്വമുണ്ട്. ദൈവത്തിന്റെ അനുഗ്രഹം, അത്രയേ ഉള്ളൂ.

ആ പാട്ടിനെ അത്ര ദീര്‍ഘ ദര്‍ശനത്തോടെ കണ്ടത് എസ്.പി.ബിയാണ്. നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് ഇങ്ങനെയുള്ള പാട്ടുകള്‍ കിട്ടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അപൂര്‍വമാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

അന്ന് പ്രൊഡ്യൂസറിനോടും സംവിധായകനോടും എസ്.പി.ബി. കൈ കൂപ്പി പറഞ്ഞു, ഈ പാട്ട് ചിത്രീകരിക്കുമ്പോള്‍ അശ്ലീലത ഉണ്ടാവരുത്, ക്ലാസിക്കാക്കണം, ഈ പാട്ട് എക്കാലത്തും ഉണ്ടാവും. ഈ പാട്ട് എപ്പോള്‍ കണ്ടാലും ആ തോന്നല്‍ ഉണ്ടാവണം. പടം മാറ്റിവെച്ച് ആരും പാട്ട് കേള്‍ക്കരുത്. അത്ര മനോഹരമായി ആ പാട്ട് ചിത്രീകരിക്കണം. ഈ പാട്ട് എങ്ങനെ കാവ്യാത്മകമായി ഇരിക്കുന്നോ അതുപോലെ ചിത്രീകരിക്കണം, ഇതെന്റെ പേഴ്‌സണല്‍ റിക്വസ്റ്റ് ആണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണെന്ന് അദ്ദേഹം തന്നെ ഒരുപാട് വേദികളില്‍ പറഞ്ഞിട്ടുണ്ട്. അത് ഇപ്പോഴും ഒരു എവര്‍ഗ്രീന്‍ പാട്ടായി നില്‍ക്കുകയാണ്. അങ്ങനെയൊരു പാട്ട് എന്നിലൂടെ വന്നു, ദൈവം ആ പാട്ട് എനിക്ക് തന്നു. വളരെ സന്തോഷം,’ വിദ്യാസാഗര്‍ പറഞ്ഞു.

Content Highlight: vidyasagar talks about malare maunamayi song and sp balasubrahmanyam