പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഈ പടത്തിന് മ്യൂസിക് ചെയ്തത് വിദ്യാജിയാണെന്ന് പറയല്ലേ സാറേ
Entertainment
പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഈ പടത്തിന് മ്യൂസിക് ചെയ്തത് വിദ്യാജിയാണെന്ന് പറയല്ലേ സാറേ
അമര്‍നാഥ് എം.
Friday, 10th May 2024, 7:28 pm

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ നിന്ന് കോരിയെടുത്തുകൊണ്ട് മലയാള സിനിമയിലേക്ക് വന്ന വിദ്യാസാഗര്‍ എന്നും ഓര്‍ത്തുവെക്കാവുന്ന നിരവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങളും പ്രശസ്തിയും വിദ്യാസാഗറിനെ തേടിയെത്തിയിട്ടില്ല എന്നത് വസ്തുതയാണ്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് വിദ്യാജിയായിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ അണ്ടര്‍റേറ്റഡായ സംഗീതസംവിധായകരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഭൂരിഭാഗം ആളുകളും പറഞ്ഞ പേര് വിദ്യാസാഗറിന്റെതായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം വിദ്യാജി സംഗീതമായിരുന്നു. എന്നാല്‍ സിനിമ കാണാനെത്തിയ വിദ്യാസാഗര്‍ ആരാധകര്‍ക്ക് പോലും നിരാശയാണ് സമ്മാനിച്ചത്.

വിദ്യാസാഗര്‍ എന്ന പ്രതിഭയുടെ നിഴല്‍ പോലും പ്രതിഫലിക്കാത്ത തരത്തിലുള്ള സംഗീതമായിരുന്നു സിനിമയിലേത്. വിദ്യാജിയുടെ കടുത്ത ആരാധകര്‍ ഈ സിനിമ കണ്ടാല്‍ ഇതിന്റെ സംഗീതം ചെയ്തത് അദ്ദേഹമാണെന്ന് ഒരിക്കലും വിശ്വസിക്കില്ല. അതുപോലുള്ള വര്‍ക്കാണ് വിദ്യാസാഗര്‍ ഈ സിനിമക്ക് വേണ്ടി ചെയ്തുവെച്ചിരിക്കുന്നത്.

ദേവദൂതനിലെ സിംഫണിയും, ഓണത്തിന്റെ സിഗ്നേച്ചര്‍ മ്യൂസിക്കും ചെയ്ത് വെച്ച വിദ്യാജിയുടെ വിഗ്രഹം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് ചെറിയ ആഘാതമായിരിക്കും ഈ സിനിമയിലെ സംഗീതം.

Content Highlight: Vidyasagar’s below average music in Marivillin Gopurangal

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം