അഴകിയ രാവണൻ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര സംഗീത രംഗത്തേക്ക് വന്ന സംഗീതജ്ഞനാണ് വിദ്യാസാഗർ. ‘വെണ്ണിലാ ചന്ദന കിണ്ണം’ എന്ന ഗാനം കേട്ടാൽ കുട്ടികാലത്തെ ഓർക്കാത്തവരും മഴ പെയ്യുമ്പോൾ ‘പ്രണയമണി തൂവൽ’ എന്ന ഗാനം പാടാത്തവരും ചുരുക്കമാണ്. തന്റെ ചലച്ചിത്ര സംഗീത രംഗത്തെ യാത്രകളെപ്പറ്റി സംസാരിക്കുകയാണ് വിദ്യാസാഗർ.
സുജാത പാടിയ തന്റെ ഗാനങ്ങളൊക്കെ മികവുറ്റതാണെന്ന് പറയുകയാണ് വിദ്യാസാഗർ. തന്റെ ഗാനങ്ങളോട് പൂർണമായും സുജാത നീതി പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യകാലങ്ങളിൽ എന്റെ തമിഴ്, തെലുങ്ക് ഗാനങ്ങളിലാണ് സുജാത പാടിയിട്ടുള്ളത്. അതിനു ശേഷമാണ് മലയാളത്തിൽ സുജാതയെ ഞാൻ ക്ഷണിക്കുന്നത്. സുജാത പാടിയിട്ടുള്ള എല്ലാ ഗാനങ്ങളും മികവുറ്റതാക്കിയിട്ടുണ്ട്. എന്റെ ഗാനങ്ങളോട് പൂർണമായും നീതി പുലർത്താൻ സുജാതയ്ക്ക് ആയതുകൊണ്ടാകാം. ഞാനും ഗിരീഷ് പുത്തഞ്ചേരിയുമായിട്ട് ഒരു ഹിറ്റ് കോമ്പിനേഷൻ ഉണ്ട്, അതുപോലെ തന്നെയുള്ള ഒരു കോംബോ ആണ് സുജാതയുമായും,’ വിദ്യാസാഗർ പറഞ്ഞു.
അഭിമുഖത്തിൽ ഒരേ ഈണം വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങൾക്ക് നൽകിയതിനെപ്പറ്റിയും വിദ്യാസാഗർ സംസാരിച്ചു. സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ ഗാനം തമിഴിൽ ഉപയോഗിച്ചെങ്കിലും വ്യത്യാസങ്ങൾ വരുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിന് എല്ലായിടത്തും ഒരേ ഭാഷയാണെങ്കിലും സംസ്കാരത്തിനും ദേശത്തുനിന്നുമനുസരിച്ച് ഗാനങ്ങളുടെ ഈണങ്ങൾ മാറ്റണമെന്നും വിദ്യാസാഗർ പറഞ്ഞു.
‘സംഗീതത്തിന് എല്ലായിടത്തും ഒരേ ഭാഷയാണ്. പക്ഷെ സാഹിത്യത്തിനും കവിതക്കും ദേശത്തിനും സംസ്കാരത്തിനും മാറ്റങ്ങൾ ഉണ്ട്, അതിനനുസരിച്ച് വേണം ഗാനങ്ങൾക്ക് ഈണമിടാൻ.
അതായത് ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലെ ‘വോക്കിങ് ഇൻ ദി മൂൺലൈറ്റ്’ എന്ന ഗാനം ആദ്യം സംഗീതം ചെയ്തത് മലയാളത്തിന് വേണ്ടിയാണ്. എന്നാൽ ഇതേ ഗാനം ഞാൻ തമിഴിൽ ഉപയോഗിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ ചരണത്തിൽ മാറ്റം വരുത്തി. തമിഴ് വാക്കുകൾ ഈ ഈണവുമായി ചേർച്ചയുണ്ടായിരുന്നില്ല, അതുകൊണ്ടാണ് മാറ്റം വരുത്തിയത്.
ഭാഷകൾ മാറുന്നതിനനുസരിച്ച് ഗാനങ്ങളിൽ വാക്കുകൾ ചേർക്കുമ്പോഴുണ്ടാകുന്ന കണക്കുകൾ വ്യത്യാസപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അതിനെ കുറിച്ച് നന്നായി മനസിലാക്കിയാലാണ് സംഗീതം നൽകാനാകൂ.
ഹിന്ദിയിലെ ‘പ്യാർ’ എന്ന വാക്കിൽ ‘പ്യാ’ എന്ന അക്ഷരം വരെ പാടിയാലും ‘പ്യാർ’ എന്ന് മുഴുവൻ പാടിയാലും വ്യത്യാസങ്ങൾ ഒന്നും സംഭവിക്കില്ല. പക്ഷെ മലയാളത്തിലേക്ക് വരുമ്പോൾ ‘പ്രേമം’ എന്ന വാക്കിനെ ഇതുപോലെ വ്യത്യാസം വരുത്തി പാടാൻ പറ്റില്ല,’ വിദ്യാസാഗർ പറഞ്ഞു.
Content Highlights: Vidyasagar on Sujaatha