അങ്ങനെ, 'മലരേ... മൗനമാ' പിറന്നു...
Music
അങ്ങനെ, 'മലരേ... മൗനമാ' പിറന്നു...
സുനില്‍ വെയ്ന്‍സ്
Monday, 2nd March 2020, 11:36 am
എസ്.പി.ബി നിറഞ്ഞ മനസ്സോടെ തന്നെ തന്റെ ഭാഗം പാടി മുഴുമിപ്പിച്ചു. ആദ്യ ടേക്കില്‍ തന്നെ പാട്ട് ഓക്കെയായി. വിദ്യാസാഗറിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. പാട്ട് കേട്ട് കണ്ണുനിറഞ്ഞു നിന്ന വിദ്യാസാഗറിനെ തന്റെ അരികില്‍ വിളിച്ച് എസ്.പി.ബി പതിയെ ചെവിയില്‍ പറഞ്ഞു...'തമ്പീ..എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം'

24 വര്‍ഷം മുമ്പത്തെ കഥയാണ്, അന്ന് വിദ്യാസാഗര്‍ എന്ന ചെറുപ്പക്കാരന്‍ സംഗീതലോകത്ത് പിച്ച വച്ച് തുടങ്ങുന്നതേയുള്ളൂ. തെലുങ്കില്‍ കുറച്ചധികം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചെങ്കിലും തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് ആല്‍ബം ചിട്ടപ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു അദ്ദേഹം.

മുന്‍പ് തമിഴില്‍ മൂന്നിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചെങ്കിലും അതിലെ പാട്ടുകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് അക്കാലത്തെ തമിഴിലെ ഒരു സൂപ്പര്‍ഹിറ്റ് സംവിധായകന്‍,തന്റെ പുതിയ സിനിമക്ക് സംഗീതം നല്‍കാന്‍ വിദ്യാസാഗറിനെ വിളിക്കുന്നത്.ആ സിനിമയില്‍ നായകനായി അഭിനയിക്കുന്ന നടന്‍ അര്‍ജ്ജുന്റെ നിര്‍ബന്ധപ്രകാരമായിരുന്നു അത്.

നിറഞ്ഞ മനസ്സോടെ തന്നെ വിദ്യാസാഗര്‍ ആ ഓഫര്‍ സ്വീകരിച്ചു. പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കാന്‍ എസ്.പി.ബാലസുബ്രഹ്മണ്യമടക്കമുള്ള അതികായരെ തന്നെയാണ് വിദ്യാസാഗര്‍ ക്ഷണിച്ചത്. സിനിമയ്ക്ക് തിരക്കിട്ട റിലീസ് നടത്തണം എന്നതിനാല്‍ സിനിമയിലെ ഗാനങ്ങളുടെ റെക്കോഡിങ് അതിവേഗം ചെന്നൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തിലാണ് സിനിമയിലെ അടുത്ത പാട്ടിന്റെ കാര്യം സൂചിപ്പിക്കാന്‍ വിദ്യാസാഗര്‍ എസ്.പി.ബിയുടെ അരികില്‍ ചെല്ലുന്നത്. പാട്ടിന്റെ കാര്യം പറഞ്ഞ ഉടനെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ ക്ലോക്കിലേക്ക് വിരല്‍ ചൂണ്ടി എസ്.പി.ബാലസുബ്രഹ്മണ്യം ചോദിച്ചു..’തമ്പീ…ടൈം എന്നാച്ച്’??

‘സര്‍..എട്ട് മണി സാര്‍’ വിദ്യാസാഗര്‍ ക്ലോക്കിലേക്ക് നോക്കി പറഞ്ഞു.

‘നൈറ്റ് എട്ട് മണിക്ക് അപ്പ്‌റം, എനക്ക് എന്ത സോംഗും പാട്‌റ പഴക്കമേ കെടയാത്…എതുവാ ഇരുന്താലും നാളൈ പാത്ത്ക്ക്‌റേന്‍’. എസ്.പി.ബി എല്ലാ സന്നാഹവും അഴിച്ചു വച്ച് ധൃതിപ്പെട്ട് തിരിച്ചുപോകാനുള്ള തിടുക്കത്തിലായിരുന്നു. പരമാവധി പാട്ടു പാടി പണം സമ്പാദിക്കുന്നതിലല്ല, മറിച്ച് പാടുന്ന ഗാനം എന്ത് തന്നെയായാലും, അത് ഉള്ളറിഞ്ഞു പാടണം എന്ന പക്ഷക്കാരനാണ് എസ്.പി.ബി. മാത്രമല്ല, രാത്രി എട്ട് മണിക്ക് ശേഷം അദ്ദേഹം റെക്കോഡിങ് നടത്താറില്ല എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന സംഗീതലോകത്തെ എല്ലാവര്‍ക്കും അറിയുകയും ചെയ്യും.

‘സാര്‍…ഇന്ത ഒരേ ഒരു സോങ് മട്ടും താന്‍ സാര്‍…ഇത് പാടി മുടിഞ്ച്ത്ക്ക് അപ്പ്‌റം നീങ്ക കലമ്പലാം സാര്‍….പ്ലീസ് സര്‍’…വിദ്യാസാഗര്‍ എസ്.പി.ബിയോട് അപേക്ഷിച്ചു.

‘മുടിയാത് ‘എസ്.പി.ബി കട്ടായം പറഞ്ഞു.

എസ്.പി.ബിയുടെ ശീലങ്ങള്‍ അറിയാവുന്ന ഓര്‍ക്കസ്ട്രയിലെ തലമുതിര്‍ന്ന അംഗങ്ങളെല്ലാവരും അന്ന് താരതമ്യേനെ പുതുമുഖമായ വിദ്യാസാഗറിനെ നോക്കി ഊറിച്ചിരിച്ചു. അവരെല്ലാം പായ്ക്കപ്പ് ചെയ്ത് പോകാനുള്ള തിടുക്കത്തിലായിരുന്നു.

തിരിച്ചുപോകാനുള്ള ഒരുക്കത്തില്‍ മുഴുകിയിരുന്ന എസ്.പി.ബിയോട് വിദ്യാസാഗര്‍ അവസാനശ്രമമെന്ന പോലെ പറഞ്ഞു..’ശരി സാര്‍…നീങ്ക ഇന്ത സോങ് പാട വേണാ..ആനാ,ഇന്ത പാട്ടുടയ ഫീമെയ്ല്‍ പോര്‍ഷന്‍ കേട്ട്ക്കിട്ട്, കൊഞ്ചം ഫീഡ്ബാക്ക് എതാവത് സൊല്ലിത്തര മുടിയുമാ’??റെക്കോര്‍ഡ് ചെയ്ത പാട്ടിലെ ജാനകിയമ്മ പാടിയ ഭാഗം കേട്ടുനോക്കി എസ്.പി.ബി.യോട് അഭിപ്രായം പറയാനാണ് വിദ്യാസാഗര്‍ അപേക്ഷിച്ചത്.

എസ്. ജാനകി പാടിയ പോര്‍ഷനില്‍ അദ്ദേഹം എന്തെങ്കിലും മാറ്റം നിര്‍ദേശിക്കുകയാണെങ്കില്‍ അത് ശരിയാക്കി വയ്ക്കാമെന്നും, രാവിലെ എസ്.പി.ബി എഴുന്നേറ്റ് വരുന്ന മുറക്ക് ഒറ്റടേക്കില്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗം മുഴുവനായി തീര്‍ക്കാമെന്നുമായിരുന്നു വിദ്യാസാഗറിന്റെ മനസ്സിലുണ്ടായിരുന്ന പ്ലാന്‍.

എസ്.പി.ബാലസുബ്രഹ്മണ്യം അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്നുകയറിയ ആ ചെറുപ്പക്കാരനെ താനായി നിരാശനാക്കേണ്ടല്ലോ എന്ന് കരുതി പാതിമനസ്സോടെ ജാനകിയമ്മ ആലപിച്ച ആ പാട്ടിന്റെ
Female പോര്‍ഷന്‍ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി.

ജാനകിയമ്മ ആലപിച്ച ഗാനത്തിന്റെ ഭാഗം കേട്ടു കഴിഞ്ഞ ഉടനെ എസ്.പി.ബി കുറേ നേരം കണ്ണടച്ച് മുഖം പൊത്തി ഇരുന്നു..എന്താണ് അവിടെ സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല..പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി..’തമ്പീ..ശീഘ്രം സ്റ്റുഡിയോ ഓണ്‍ പണ്ണ്…ഇന്ത പാട്ടെ, നാന്‍ ഇപ്പവേ പാടപ്പോറേന്‍..!

എസ്.പി.ബിയുടെ മറുപടി കേട്ട് ആദ്യം ഞെട്ടിയത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പിന്നണിവാദകരാണ്,ഒപ്പം വിദ്യാസാഗറും. കാരണം സംഗീതലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള എസ്.ബി.ബാലസുബ്രഹ്മണ്യം ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പാട്ട് രാത്രി എട്ട് മണിക്ക് ശേഷം പാടാന്‍ ഒരുങ്ങുന്നത്!


എസ്.പി.ബി നിറഞ്ഞ മനസ്സോടെ തന്നെ തന്റെ ഭാഗം പാടി മുഴുമിപ്പിച്ചു. ആദ്യ ടേക്കില്‍ തന്നെ പാട്ട് ഓക്കെയായി. വിദ്യാസാഗറിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. പാട്ട് കേട്ട് കണ്ണുനിറഞ്ഞു നിന്ന വിദ്യാസാഗറിനെ തന്റെ അരികില്‍ വിളിച്ച് എസ്.പി.ബി പതിയെ ചെവിയില്‍ പറഞ്ഞു…’തമ്പീ..എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം’

അത് കേട്ടപ്പോള്‍ വിദ്യാസാഗര്‍ അമ്പരന്നു..’എത്ക്ക് സാര്‍??നീങ്ക പാട്ണ്ത് ഇപ്പൊ ഓക്കെ താന്‍ സാര്‍..അപ്പറം എത്ക്ക് സാര്‍ മീണ്ടും പാടപ്പോറീങ്കെ’??

അപ്പോള്‍ എസ്.പി.ബി പറഞ്ഞു..’തമ്പീ..ഇന്ത പാട്ട് എനക്ക് അവളോം പുടിച്ച് പോച്ച്..നാന്‍ ഇന്ത പാട്ടെ, മീണ്ടും പാടിയേ ആകണം…കവലപ്പെട വേണാ..ഇന്ത സ്റ്റുഡിയോ റെന്റ് എവളോ ഇരുന്താലും പറവായില്ലൈ..നാന്‍ പേയ് പണ്ണിക്ക്‌റേന്‍’. സ്റ്റുഡിയോ റെന്റിന്റെ വലിയ തുക വിദ്യാസാഗര്‍ കൊടുക്കേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു എസ്.പി.ബി അന്ന് സംസാരിച്ചത്.

വിദ്യാസാഗര്‍ സമ്മതിച്ചു..എസ്.പി.ബി പാടി. ഒരു വട്ടമല്ല,പലവട്ടം..വീണ്ടും വീണ്ടും പാടിക്കഴിഞ്ഞപ്പോള്‍ വിദ്യാസാഗര്‍ വിചാരിച്ചു. ഇതാണ് ആ പാട്ടിന്റെ പരമാവധിയെന്ന്..പക്ഷേ,എസ്.പി.ബി നിര്‍ത്തിയില്ല..പിന്നെയും പിന്നെയും പുതിയ ഭാവങ്ങള്‍ ചേര്‍ത്ത് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അര്‍ദ്ധരാത്രി ആകാറായപ്പോള്‍ വിദ്യാസാഗര്‍ എസ്.പി.ബിയുടെ അടുത്തു ചെന്നു.

‘സാര്‍..എന്ന സാര്‍ ഇത്…ഇത് പോതും സാര്‍..ഇത് വന്ത് ഓക്കെ സാര്‍’

അപ്പോള്‍ എസ്.ബി.പി ഒരു ചെറുമന്ദഹാസത്തോടെ വിദ്യാസാഗറിനോട് പറഞ്ഞു..’തമ്പീ..നീ വേണം ന്ന മൈക്ക് ഓഫ് പണ്ണിക്കോ…ഇല്ലെ നാ സ്റ്റുഡിയോ ക്ലോസ് പണ്ണിക്കോ…ആനാ എനക്ക് ഇന്ത പാട്ടെ നിറുത്ത മുടിയലെ..അവളോം പുടിച്ചിറ്ക്ക്’????അത്രയും പറഞ്ഞപ്പോള്‍ തന്നെ എസ്.പി.ബിയുടെ ശബ്ദം ഇടറിപ്പോയിരുന്നു..വിദ്യാസാഗറും ശരിക്കും കരഞ്ഞുപോയി.

ശെല്‍വയുടെ സംവിധാനത്തില്‍ അര്‍ജ്ജുന്‍ നായകനായ കര്‍ണാ(1995)എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലെ ‘മലരേ മൗനമാ’ എന്ന ക്ലാസിക് ഗാനത്തിന്റെ പിറവിയായിരുന്നു അത്. രണ്ട് പതിറ്റാണ്ടിനിപ്പുറവും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡ്യൂയറ്റുകളില്‍ ഒന്നായി ഇന്നും ആസ്വാദകരും നിരൂപകരും ഒരേപോലെ പരിഗണിക്കുന്ന അതിപ്രശസ്തമായ ഗാനം.

അര്‍ജുനും രഞ്ജിതയും ചേര്‍ന്ന് അഭിനയിച്ച പ്രണയരംഗങ്ങള്‍. വൈരമുത്തുവിന്റെ ഹൃദയഹാരിയായ രചന..കണ്ണടച്ച് ഈ പാട്ടു കേട്ട്, ഒടുവില്‍ ഗാനം തീരുമ്പോള്‍ ആരുടെയും കണ്ണുനിറഞ്ഞുപോകുന്ന വശ്യാനുഭൂതി..പാട്ടുകാരനും ശ്രോതാവുമൊക്കെ ഒരുവേള ഗാനം മാത്രമായി മാറിപ്പോവുന്ന ഇന്ദ്രിയാതീതമായ അനുഭവം.

സ്ത്രീ പുരുഷ ശബ്ദങ്ങള്‍ ഇത്രമേല്‍ ഇഴുകിച്ചേരുന്നതും പരസ്പരപൂരകമാവുന്നതും ഇന്ത്യന്‍ സിനിമയില്‍ തന്നെ വിരളം. എസ്.പി.ബാലസുബ്രഹ്മണ്യവും എസ്.ജാനകിയും എപ്പോഴൊക്കെ സ്റ്റേജില്‍ ഒരുമിച്ചു വന്നാലും ആരാധകര്‍ വീണ്ടും വീണ്ടും പാടാന്‍ ആവശ്യപ്പെടുന്ന ഗാനങ്ങളില്‍ ഒന്ന്. ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു വേദിയില്‍ ഈ ഗാനം എസ്.പി.ബിയും എസ്.ജാനകിയും പാടിത്തീര്‍ന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ സ്റ്റേജില്‍ കയറി ഇരുവരുടെയും കാല്‍ച്ചുവട്ടില്‍ വീണു പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്തയാണ് ഈ പാട്ടിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിമിഷമായി ഓര്‍മയില്‍ വരുന്നത്.

ഒരുപക്ഷേ എസ്.പി.വെങ്കിടേഷ് യുഗത്തിന് ശേഷം, മലയാളി ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു മറുനാടന്‍ സംഗീതസംവിധായകനില്ല. ജീവന്റെ സിരകളിലെമ്പാടും ഈണങ്ങളെ മാത്രം സ്വപ്നം കാണുന്ന വ്യക്തി .രണ്ട് പതിറ്റാണ്ടിനിപ്പുറം തമിഴനേക്കാള്‍ മലയാളിക്ക് പ്രിയപ്പെട്ടവന്‍. കാല്‍നൂറ്റാണ്ടിനിപ്പുറം മലയാളസിനിമാസംഗീതത്തില്‍ പതിഞ്ഞ ഏറ്റവും പ്രണയാതുരമായ പേര്.

വിദ്യാസാഗര്‍

1963 മാര്‍ച്ച് 2-ന് ആന്ധ്രാപ്രദേശിലെ ബൊബ്ബിലി എന്ന സ്ഥലത്ത് സംഗീതജ്ഞനായിരുന്ന യു.രാമചന്ദറിന്റെയും സൂര്യകാന്തത്തിന്റെയും മകനായാണ് വിദ്യാസാഗര്‍ ജനിച്ചത്.വ പ്രശസ്ത സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിനോടുള്ള ആദരസൂചകമായാണ് മാതാപിതാക്കള്‍ മകന്,വിദ്യാസാഗര്‍ എന്ന് പേരിട്ടത്.

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗര്‍ ജനിച്ചത്. പിതാവ് രാമചന്ദറിന് എട്ടു സംഗീതോപകരണങ്ങള്‍ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹമൂര്‍ത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു. നാല് വയസ്സു മുതല്‍ വിദ്യാസാഗര്‍,അച്ഛനില്‍ നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങി.

8 വയസ്സുള്ളപ്പോള്‍ ധന്‍രാജ് മാസ്റ്ററുടെ കീഴില്‍ നാലു വര്‍ഷത്തോളം ഗിത്താറും പിന്നീട് പിയാനോയും അഭ്യസിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികില്‍ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ തന്നെ പന്ത്രണ്ടോളം സംഗീതോപകരണങ്ങള്‍ അനായാസം വായിക്കന്‍ വിദ്യാസാഗറിനായിരുന്നു. അക്കാലത്ത് ചെന്നൈയിലായിരുന്നു മിക്ക സിനിമകളുടെയും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്.

കരിയറിന്റെ തുടക്കത്തില്‍ വിദ്യാസാഗറും എ.ആര്‍.റഹ്മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈയില്‍ ശബ്ദലേഖനം ചെയ്ത വിവിധ ഭാഷകളിലെ പല സംഗീതസംവിധായകരുടെയും സഹായിയായി പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ആരംഭകാലത്ത് ലഭിച്ചു.1989ല്‍ ഇരട്ടസംവിധായകരായ രാജശേഖരന്‍(റോബര്‍ട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എന്‍ അന്‍പേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

പക്ഷേ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.1993-96 കാലഘട്ടത്തില്‍ തെലുങ്ക് സിനിമയില്‍ ചേക്കേറിയ വിദ്യാസാഗര്‍ അവിടത്തെ തിരക്കേറിയ സംഗീതസംവിധായകനായി മാറി. 1994-95ല്‍ നടന്‍ അര്‍ജ്ജുന്‍ നായകനായ ചിത്രങ്ങളാണ് അദ്ദേഹത്തെ വീണ്ടും തമിഴില്‍ തിരിച്ചുകൊണ്ടുവന്നത്. അര്‍ജ്ജുന് വേണ്ടി കര്‍ണ്ണ, സുബാഷ്, ജയ്ഹിന്ദ്, ആയുധപൂജൈ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകര്‍ന്നു.

ആ സിനിമകളില്‍ ചില നല്ല ഗാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീതസംവിധായകന്നും ശ്രദ്ധിക്കപ്പെട്ടില്ല. നടന്‍ മമ്മൂട്ടിയുമായുള്ള പരിചയമാണ് 1996-ല്‍ വിദ്യാസാഗറിനെ മലയാളസിനിമയിലെത്തിച്ചത്. ‘മലയാളചിത്രത്തില്‍ സംഗീതം ചെയ്യാന്‍ താല്പര്യമുണ്ടോ’എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ ‘താങ്കള്‍ നായകനാണെങ്കില്‍ ചെയ്യാം’ എന്നായിരുന്നു വിദ്യാസാഗറിന്റെ മറുപടി.

മമ്മൂട്ടി-കമല്‍ ടീമിന്റെ അഴകിയ രാവണന്‍ എന്ന സിനിമ അങ്ങനെ വിദ്യാസാഗറിന്റെ ആദ്യ മലയാളസിനിമയായി. ആ സിനിമയിലെ പാട്ടുകള്‍ എല്ലാം തന്നെ വന്‍ ജനപ്രീതിയാര്‍ജ്ജിച്ചു. മനോഹരമായ ഒരു മെലഡിയെങ്കിലും ഇല്ലാതെ ഒരു ചിത്രം പോലും മലയാളത്തില്‍ ഇത് വരെയും അദ്ദേഹം ചെയ്തിട്ടില്ല. മലയാളത്തില്‍ വിദ്യാസാഗര്‍ സംഗീതം ചെയ്ത ഏതാനും സിനിമകളുടെ ലിസ്റ്റ് ഒന്ന് പരിശോധിച്ചു നോക്കൂ

അഴകിയ രാവണനില്‍ തുടങ്ങുന്നു മലയാളത്തില്‍ അദ്ദേഹത്തിന്റെ പ്രയാണം. ശേഷം ഒരു മറവത്തൂര്‍ കനവ്, പ്രണയവര്‍ണ്ണങ്ങള്‍, നിറം, സമ്മര്‍ ഇന്‍ ബത്‌ലഹെം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, വര്‍ണപ്പകിട്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ദേവദൂതന്‍, ഡ്രീംസ്, ഉസ്താദ്, രണ്ടാം ഭാവം, മീശ മാധവന്‍, ചാന്ത്‌പൊട്ട്, ഗ്രാമഫോണ്‍, സി.ഐ.ഡി.മൂസ തുടങ്ങി അനാര്‍ക്കലിയും ഇന്ത്യന്‍ പ്രണയകഥയും ജോമോനും വരെ എത്തി നില്‍ക്കുന്ന വിജയഗാഥ

കൗതുകകരമായ മറ്റൊരു വസ്തുത വിദ്യാജി ചിട്ടപ്പെടുത്തിയ മലയാളസിനിമകളിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വളരെ വിരളമാണ് എന്നതാണ്. സിനിമ പരാജയമാണെങ്കില്‍ പോലും സിനിമകളിലെ ഗാനങ്ങള്‍ എന്നും ആസ്വാദകര്‍ക്ക് പ്രിയങ്കരമാണ്. ദേവദൂതന്‍, മില്ലെനിയം സ്റ്റാര്‍സ്, രണ്ടാം ഭാവം, ചന്ദ്രോത്സവം എന്നീ പരാജയസിനിമകളെല്ലാം ഇന്ന് ഓര്‍മിക്കപ്പെടുന്നതിന്റെ മുഖ്യകാരണം അതിലെ മനോഹരമായ ഗാനങ്ങള്‍ കൊണ്ട് കൂടിയാണ്.

ലാല്‍ജോസ്, സിബി മലയില്‍, കമല്‍, ജോണി ആന്റണി, രഞ്ജിത് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രതിഭയെ മലയാളത്തില്‍ നന്നായി ഉപയോഗിച്ചവരാണ്. മൊഴിമാറ്റചിത്രങ്ങളടക്കം പരിഗണിച്ചാല്‍ ഏതാണ്ട് 68ഓളം സിനിമകള്‍ മലയാളത്തില്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം മലയാളത്തില്‍ ചെയ്ത സിനിമകളില്‍ തീര്‍ത്തും ശ്രദ്ധിക്കപ്പെടാതെ പോയത് കാക്കേ കാക്കേ കൂടെവിടെ എന്ന ചിത്രം മാത്രമാണെന്നറിയുമ്പോള്‍ മനസ്സിലാക്കാം ആ പ്രതിഭയുടെ യഥാര്‍ത്ഥ ആഴം എന്താണെന്ന്.

2005ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖി എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലൂടെ തമിഴിലും തന്റെ അധീശത്വം വിദ്യാസാഗര്‍ ഒന്നു കൂടി ഊട്ടിയുറപ്പിച്ചു. മലയാളത്തില്‍ സജീവമായ വേളയില്‍ തന്നെ തമിഴിലും അദ്ദേഹം നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ദില്‍, ഗില്ലി, ദൂള്‍, റണ്‍, വില്ലന്‍, തിരുമലൈ, ചന്ദ്രമുഖി, അന്‍പേ ശിവം, മൊഴി, വേദം, മധുര, തിത്തിക്കുതേ, കുരുവി, പൂവെല്ലാം ഉന്‍വാസം, ജയം കൊണ്ടാന്‍…തമിഴിലെ ഹിറ്റുകളുടെ നിര നീളുന്നു.

ഉദിത് നാരായണന്‍ അടക്കമുള്ളവര്‍ക്ക് സ്ഥിരമായി അവസരം നല്‍കുന്നത് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചത് കൊണ്ട് തന്നെ അത്തരം ആരോപണങ്ങള്‍ക്കെല്ലാം അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മധു ബാലകൃഷ്ണന്‍ അടക്കമുള്ള മലയാളി ഗായകര്‍ക്ക് തമിഴില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്തത് വിദ്യസാഗര്‍ ഈണമിട്ട ഗാനങ്ങളാണ്. കഴിവുള്ള എല്ലാ പ്രതിഭകളെയും തന്റെ ചിത്രത്തില്‍ സഹകരിപ്പിക്കാന്‍ മടി കാണിക്കാറില്ല എന്നതാണ് വിദ്യാസാഗറിന്റെ മറ്റൊരു സവിശേഷത.

അര്‍ഹതക്കുള്ള അംഗീകാരമെന്ന കണക്ക് സ്വരാഭിഷേകം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

ഈ മനുഷ്യന്റെ ഒരു പാട്ടില്ലാതെയുള്ള മലയാളസിനിമാസംഗീതം അചിന്ത്യം. മലയാളി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമായാലും അവന്റെ ചുണ്ടില്‍ തത്തികളിക്കുന്ന ഒരു വിദ്യാസാഗര്‍ മെലഡി എന്തായാലും ഉണ്ടായിരിക്കും. മിക്കവാറും അത് അദ്ദേഹത്തിന്റെ പഴയൊരു ക്ലാസ് സോങ് തന്നെ ആയിരിക്കും. സമകാലികകരായ മറ്റ് സംഗീത സംവിധായകരില്‍ നിന്ന് വിഭിന്നമായി വൈകാരികമായ ഒരു അടുപ്പം ഒരു അഭിനിവേശം മലയാളത്തില്‍ വിദ്യാജിയുടെ ഗാനങ്ങളോട് തോന്നുതെന്തേ എന്ന് പലവുരു ആലോചിച്ചിട്ടുണ്ട്.

വീടിനുള്ളിലും പുറത്തുമെല്ലാം നാം ആഗ്രഹിച്ചും ആഗ്രഹിക്കാതെയും നിരവധി പാട്ടുകളുടെ അലകള്‍ ഇന്ന് നമ്മുടെ കാതുകളില്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഒന്നോ രണ്ടോ ശ്രവണത്തോടെ തന്നെ വിസ്മൃതങ്ങളാകുന്നവയാണ് പുതിയ സിനിമാഗാനങ്ങളില്‍ ഭൂരിഭാഗവും എന്നതാണ് അവസ്ഥ. ഒരു പാട്ടിനെ കൂടുതല്‍ പരിചയപ്പെട്ടാല്‍ അവ പിന്നീട് കേള്‍ക്കുമ്പോള്‍ അരോചകമായി തോന്നുന്നുവെന്നാണ് ഇപ്പോഴുള്ള ചലച്ചിത്രഗാനങ്ങളില്‍ ഭൂരിഭാഗവും നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി.

ഗാനങ്ങള്‍ എപ്പോഴും കാലാതിവര്‍ത്തിയാകണമെന്ന ബോധ്യം ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുന്നു. നായകനും നായികയും വിലകൂടിയ വേഷവിതാനങ്ങളോടെ ശരീരഭാഗങ്ങള്‍ ചലിപ്പിച്ചു ചെയ്യുന്ന നൃത്തത്തിന്, ആവശ്യമുള്ള ഒന്നാണ് സിനിമാപാട്ട് എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് സിനിമാസ്രഷ്ടാക്കളില്‍ ചിലരെങ്കിലും വച്ചുപുലര്‍ത്തുന്നതുവെന്നത് നിര്‍ഭാഗ്യകരം തന്നെയാണ്.

ഇപ്പോഴത്തെ തലമുറ ഇതാണ് ആവശ്യപ്പെടുന്നത് എന്നാണ് പലപ്പോഴും അവര്‍ ഇതിന് പറയുന്ന വിചിത്രമായ ന്യായം. എന്നാല്‍ സപ്തസ്വരജന്യമായ നമ്മുടെ സംഗീതം തുറന്നുതരുന്ന അപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി, ഡ്രം, ഹെവിമെറ്റല്‍സംഗീതം എന്നിവ കാര്യമായി ഉപയോഗിക്കാതെ എല്ലാതരം പ്രേക്ഷകരെ ആകര്‍ഷിക്കാനും,ഒപ്പം കാലത്തെ അതിജീവിച്ച നിരവധി ഈണങ്ങള്‍ ചിട്ടപെടുത്താന്‍ കഴിഞ്ഞുവെന്നതുമാണ് വിദ്യാജിയുടെ ഏറ്റവും വലിയ സവിശേഷത.

അദ്ദേഹത്തിന്റെ ഈണങ്ങള്‍ക്ക് കാഴ്ചയേക്കാള്‍,കേള്‍വിക്ക് വൈകാരികമായ ഉത്തേജനം പകര്‍ന്ന് തരാനും,കുറേക്കൂടി ആഴത്തില്‍ മനസ്സിനെ സ്വാധീനിക്കാനും കഴിയുമെന്നാണ് ഒരു അനുഭവസ്ഥനെന്ന നിലയില്‍ എന്റെ(ഒരു പക്ഷേ എല്ലാവരുടെയും)പക്ഷം. സിനിമയിലെ ഒരു സിറ്റ്വേഷന്‍ എന്തു വികാരമാണോ പ്രേക്ഷകരില്‍ ഉണ്ടാക്കേണ്ടത്, അവയെ തീവ്രമാക്കാനും അത്രമേല്‍ മികവുറ്റതാക്കനും വിദ്യാജിയുടെ പാട്ടിന് കഴിയുന്നതുകൊണ്ടായിരിക്കണം,മലയാളസിനിമയില്‍ അദ്ദേഹത്തിന്റെ ഈണങ്ങള്‍ക്ക് എക്കാലത്തും പ്രസക്തി ഉണ്ടായത്.

അത് കൊണ്ടാണ് അദ്ദേഹത്തിന്റെ സംഗീതം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായതും…അത് നമ്മോടു നേരിട്ടു സംവദിക്കുന്നവയാണ്…നമ്മളിലേക്കു തുളച്ചുകയറുന്നവയാണ്..ഒരു പരിചയപ്പെടുത്തലോ വിശദീകരണമോ ആവശ്യമില്ലാതെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയെ വര്‍ദ്ധിതമായ ഭാവസാന്ദ്രതയോടെ അദ്ദേഹത്തിന്റെ ഈണങ്ങള്‍ ആവാഹിക്കുന്നു

അവസരം ലഭിച്ചപ്പോഴൊക്കെ സൂപ്പര്‍ഹിറ്റുകള്‍ മാത്രം തീര്‍ത്ത ഈ മനുഷ്യനാണ് ഇപ്പോള്‍ സിനിമാക്കാര്‍ക്കിടയില്‍ അവസരങ്ങളില്ലാതെ തീര്‍ത്തും അനഭിമതനായി തീര്‍ന്നിരിക്കുന്നത്. സുഗീതിന്റെ ദിലീപ് ചിത്രം മൈബസാന്റയും ജോണി ആന്റണിയുടെ ബിജു മേനോന്‍ ചിത്രം ഡാനിയല്‍ കേള്‍ക്കുന്നുണ്ട് എന്ന സിനിമയും ലാല്‍ജോസിന്റെ പേരിടാത്ത പുതിയ സിനിമയും ഈ പ്രതിഭയുടെ തിരിച്ചുവരവാകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..

വിദ്യാജിയുടെ സംഗീതം ശരിക്കും ഒരു ലഹരിയാണ്…രാത്രിയില്‍ കൈവിരലുകള്‍ നെഞ്ചോട് ചേര്‍ത്ത് കിടക്കുമ്പോള്‍ കിനാവിലെ മോഹങ്ങള്‍ക്ക് കൂട്ടായും കുറുമ്പായും മേമ്പൊടി ചാര്‍ത്തുന്ന സാഗരസംഗീതം

ആദരവോടെ..ആശംസകളോടെ ഒരു ഭ്രാന്തന്‍..കടുത്ത വിദ്യാജി ഭക്തന്‍

(സുനില്‍ വെയ്ന്‍സ് 2019 സെപ്തംബര്‍ 27 ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്‌)

WATCH THIS VIDEO: