വിധേയരുടെ കുനിഞ്ഞ ശിരസുകൊണ്ട് വിജയന്‍ മാഷിനെ അളക്കാനാവില്ല: വിദ്യാര്‍ത്ഥി ചാറ്റര്‍ജി
Kerala
വിധേയരുടെ കുനിഞ്ഞ ശിരസുകൊണ്ട് വിജയന്‍ മാഷിനെ അളക്കാനാവില്ല: വിദ്യാര്‍ത്ഥി ചാറ്റര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2013, 12:51 am

[]കൊടുങ്ങല്ലൂര്‍: ഇന്ന് ലോകത്താകമാനം അടിമത്തം വ്യാപിച്ചിരിക്കുന്നെന്നും ഇവിടെയാണ് നിവര്‍ന്നു നില്‍ക്കുക എന്ന സന്ദേശം നല്‍കിക്കൊണ്ട് എം.എന്‍ വിജയന്റെ ചിന്തകള്‍ നമ്മെ സ്വതന്ത്രരാക്കുന്നതെന്നും ബംഗാളി കലാ നിരൂപകനായ വിദ്യാര്‍ത്ഥി ചാറ്റര്‍ജി പറഞ്ഞു.

എം.എന്‍ വിജയന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പോലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനും ചിന്തകനും കവിയുമൊക്കെയാകുന്നതിനേക്കാള്‍ മഹത്തരമാണ് ഉത്തമപൗരനാവുകയെന്ന് ജീവിതം കൊണ്ട് തെളിയിച്ചയാളാണ് പ്രൊഫ. എം.എന്‍ വിജയനെന്ന് വിദ്യാര്‍ത്ഥി ചാറ്റര്‍ജി പറഞ്ഞു.

മലയാളിയുടെ ദൈംദിന ജീവിതത്തില്‍ കരളുറപ്പോടെ ഇടപെട്ട പ്രൊഫ. വിജയന്റെ ജീവിതം ചരിത്രം അടയാളപ്പെടുത്തും.

തന്റെ സത്യാന്വേഷണത്തില്‍ വേറിട്ട പാതയിലൂടെ തനിച്ച് സഞ്ചരിച്ചവനാണ് വിജയന്‍ മാഷ്. വിജയന്‍ മാഷ് വെട്ടിയ വഴിയിലൂടെ നാളത്തെ തലമുറ സഞ്ചരിക്കും. വിധേയരുടെ കുനിഞ്ഞ ശിരസുകൊണ്ട് ഒരിക്കലും വിജയന്‍ മാഷിന്റെ ഉയരം അളക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥി ചാറ്റര്‍ജി പറഞ്ഞു.

എം.എന്‍ വിജയനെ അപഹസിച്ചവരുടെ സ്ഥാനം നാളെ ചവറ്റുകുട്ടയിലായിരിക്കും. നാളത്തെ തലമുറ എം.എന്‍ വിജയനെ ഒരു മിത്തു പോലെ  അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നീതിയുടേയും സത്യത്തിന്റേയും വഴി ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു വിജയന്‍ മാഷ്. അദ്ദേഹം പലപ്പോഴും അസ്വസ്ഥതകളുടേയും ഒറ്റപ്പെടലുകളുടേയും കൂടാരത്തില്‍ ആയിരുന്നു.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെ എക്കാലത്തും പുറത്ത് നിര്‍ത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. ബംഗാളില്‍ ബിനോയ് ചൗധരി തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. മധ്യവര്‍ഗത്തിന്റേതല്ല കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞതിനാണ് ബിനോയ് ചൗധരിയെ അന്ന് പാര്‍ട്ടി പുറത്താക്കിയത്.

ഇന്ന് ലോകത്ത് ഭാഷകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. യു.എസ് ഇംഗ്ലീഷ് ആണ് ഇന്ന് ലോകത്തിന്റെ ഭാഷ. യു.എസ് കോര്‍പ്പറേറ്റ് മുതലാളിമാരുടെ ചിന്തയാണ് ഇന്ന് ലോകത്തിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

വി.പി വാസുദേവന്‍ അധ്യക്ഷനായ ചടങ്ങില്‍ ഐ. ഷണ്‍മുഖദാസ്, ടി.എല്‍ സന്തോഷ്, യു.ടി പ്രേംനാഥ്, എം.എസ് ബനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.