|

വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംവരണം അട്ടിമറിച്ച്; സ്വമേധയാ കേസെടുത്ത് എസ്.സി- എസ്.ടി. കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ കേസിന് പിന്നാലെ വിദ്യയുടെ പി.എച്ച്.ഡി. പ്രവേശനത്തില്‍ കേസെടുത്ത് എസ്.സി- എസ്.ടി. കമ്മീഷന്‍. സംവരണം അട്ടിമറിച്ചുള്ള പ്രവേശനം എന്ന ആരോപണത്തിലാണ് എസ്.സി- എസ്.ടി കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കാലടി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

വിദ്യയുടെ പി.എച്ച്.ഡി. പ്രവേശനവുമായി ബന്ധപ്പെട്ട ആരോപണത്തിന് അന്വേഷണത്തിന് കാലടി സര്‍വകലാശാല വി.സിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംവരണം പാലിക്കാതെയാണ് വിദ്യയ്ക്ക് പി.എച്ച്.ഡി പ്രവേശനം നല്‍കിയതെന്നാണ് ആരോപണം.

നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും കേസില്‍ അന്വേഷണം ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

‘പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഒരാള്‍ ഉണ്ടാക്കിയതില്‍ പ്രിന്‍സിപ്പല്‍ കുറ്റക്കാരനല്ല. കോളേജും കുറ്റക്കാരല്ല. വിദ്യയാണ് തെറ്റ് ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്. അവര്‍ ഒരു മുതിര്‍ന്ന വ്യക്തിയാണ്. വ്യാജമായിട്ടുള്ള സര്‍ട്ടിഫിക്കറ്റ് അവര്‍ ഹാജരാക്കുമ്പോള്‍ അത് അവരില്‍ നിക്ഷിപ്തമാണ്,’ എന്നാണ് അന്ന് ബിന്ദു പറഞ്ഞത്.

പി.എച്ച്.ഡി വിഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വൈസ് ചാന്‍സലറെ വിളിച്ചിരുന്നതായും സംഭവം അന്വേഷിക്കാനായി സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം പാലക്കാട് അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

രണ്ട് വര്‍ഷം മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായ വ്യാജ രേഖയാണ് വിദ്യ ഉണ്ടാക്കിയത്. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്.

2018-19, 2020-21 കാലയളവുകളില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തെന്ന് കാട്ടിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ട് കോളേജുകളില്‍ വിദ്യ ജോലി ചെയ്തിരിക്കുന്നത്. വ്യാജമായ സീലും എംബ്ലവും പതിപ്പിച്ചുകൊണ്ടാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

അട്ടപ്പാടി കോളേജിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിന് എത്തിയപ്പോള്‍ സംശയം തോന്നിയ കോളേജ് അധികൃതരാണ് മഹാരാജാസിലെ പ്രിന്‍സിപ്പളുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

CONTENT HIGHLIGHTS: Vidya’s Ph.D admission reservation overturned; S.C.-ST filed a voluntary case. Commission

Latest Stories