| Thursday, 30th May 2019, 5:24 pm

ശരീരത്തെ പരിഹസിക്കുന്നവര്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് വിദ്യാ ബാലന്‍; പിന്നെ വീറോടെ മറുപടി, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശരീരത്തിന്റേയും നിറത്തിന്റേയും വലിപ്പത്തിന്റേയും ആകൃതിയുടേയും പേരില്‍ പരിഹസിക്കപ്പെടുന്നവര്‍ക്ക് പ്രചോദനമേകി ബോളിവുഡ് നടി വിദ്യാ ബാലന്‍. പരിഹസിക്കപ്പെടുന്നവര്‍ക്ക് പ്രചോദനമേകാന്‍ വിദ്യ തന്നെ പാടി അഭിനയിച്ച വിഡിയോ ആണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ലെറ്റ്‌സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. സാരിയുടുത്ത് കറുത്ത ഷാള്‍ കൊണ്ട് ദേഹം മൂടിയാണ് വീഡിയോയില്‍ വിദ്യ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്ക് വികാരാധീനയാകുന്നതും പിന്നീട് ഷാള്‍ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ ലോകത്തോട് സംവദിക്കുന്നതുമാണ് വീഡിയോയിലുളളത്.

നിറം, രൂപം, ആകൃതി എന്നിവയുടെ പേരിലെ കളിയാക്കലുകല്‍ മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും ഓരോരുത്തരുടേയും വ്യക്തിത്വത്തെ ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിക്കണമെന്നും വീഡിയോയിലൂടെ താരം പറയുന്നു. മറിച്ചുള്ള പരാമര്‍ശങ്ങളും സമീപനങ്ങളും ലജ്ജാകരമാണെന്നും വീഡിയോയില്‍ പറയുന്നു.

സിനിമാ മേഖലയിലെ സൈസ് സീറോ സങ്കല്‍പ്പത്തെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്ത താരം തന്റെ കരിയറില്‍ വലിയ വിജയം സ്വന്തമാക്കിയിട്ടുണ്ട്. പലപ്പോഴും പൊതു വേദികളില്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വരെ താരത്തിന് ബോഡി ഷേമിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്.

വനിതാ ദിനത്തില്‍ സ്ത്രീകള്‍ നേരിടുന്ന ബോഡി ഷേമിംഗിനെ വിമര്‍ശിച്ച് സ്ത്രീകള്‍ക്ക് പ്രചോദനം പകര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ വിദ്യ പോസ്റ്റിട്ടിരുന്നു. ‘ശരീരത്തെ മാത്രമല്ല നിങ്ങള്‍ എങ്ങനെയാണോ അത് പോലെ തന്നെ നിങ്ങളുടെ മനസ്സിനേയും ആത്മാവിനേയും സ്‌നേഹിക്കണം’ എന്നാണ് വിദ്യ പറഞ്ഞത്.

‘മെലിയാനോ, ആകര്‍ഷണീയമാവാനോ, സ്മാര്‍ട്ടോ ഹോട്ടോ കൂളോ ആയി മാറാനോ, കൂടുതല്‍ സമ്പന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വിലകുറച്ചു കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ്‌ബൈ പറയാനുള്ള സമയമായിരിക്കുന്നു. ഞാന്‍ നല്ലതല്ല എന്ന് പറയുന്ന നിങ്ങളിലെ ആന്തരിക വിമര്‍ശകനോട് ‘നിങ്ങള്‍ക്കിനി പോകാം’ എന്ന് പറയാം. നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷന്‍ ഉണ്ടാവണമെന്നില്ല. ഇന്ന് നിങ്ങള്‍ക്കേറ്റവും മികച്ചത് ആകാന്‍ പറ്റില്ലെങ്കില്‍ അത് നാളെയുമാവാം,’ ഇതായിരുന്നു വിദ്യ സ്ത്രീകള്‍ക്ക് നല്‍കിയ സന്ദേശം.

We use cookies to give you the best possible experience. Learn more