ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. മലയാളത്തിലെ ആദ്യചിത്രം മുടങ്ങിയതിന് ശേഷം ബോളിവുഡിലേക്ക് ചുവടുവെച്ച വിദ്യ പിന്നീട് വളരെ പെട്ടെന്ന് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കി.
കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രം എന്ന സിനിമയിലൂടെയാണ് വിദ്യ ആദ്യമായി ക്യാമറക്ക് മുന്നിലേക്കെത്തുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ ഷൂട്ട് മുടങ്ങുകയും പിന്നീട് പൃഥ്വിരാജിനെ വെച്ച് ലോഹിതദാസ് ആ ചിത്രം പൂര്‍ത്തിയാക്കുകയും ചെയ്തു. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിദ്യ ബാലന്‍.
വെറും എട്ട് ദിവസം മാത്രമേ ചക്രത്തിന്റെ ഷൂട്ട് നടന്നുള്ളൂവെന്നും ആ ദിവസങ്ങളില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു തന്റെ സീനുകളെന്നും വിദ്യ പറഞ്ഞു. മോഹന്‍ലാലും സംവിധായകനും തമ്മില്‍ ഷൂട്ടിനിടയില്‍ പല തവണ പ്രശ്‌നങ്ങളുണ്ടായിട്ടാണ് ആ ചിത്രം മുടങ്ങിയതെന്നും ആ ദിവസങ്ങളില്‍ ലാലിനൊപ്പം അഭിനയിക്കാനായത് വലിയ ഭാഗ്യമായിരുന്നെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ആ സിനിമക്ക് മുമ്പ് താന്‍ മോഹന്‍ലാലിന്റെ വാനപ്രസ്ഥവും പവിത്രവും കണ്ട് അയാളുടെ ആരാധികയായി മാറിയെന്നും വിദ്യ പറഞ്ഞു. ഷൂട്ടിന്റെ ബ്രേക്കില്‍ ഒരു പുസ്തകം പോലും വായിക്കാത്ത ആളാണ് മോഹന്‍ലാലെന്നും ഇക്കാര്യം താന്‍ ചോദിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് പോലും ഷൂട്ടിന്റെ ബ്രേക്കില്‍ വായിക്കാറില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സെറ്റിലെ ചെറിയ പണികളൊക്കെ അദ്ദേഹം ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടെന്നും മറ്റൊരു ഇന്‍ഡസ്ട്രിയിലും അങ്ങനെയൊരു കാഴ്ച കാണാന്‍ കഴിയില്ലെന്നും വിദ്യ പറഞ്ഞു. ആ എട്ട് ദിവസത്തില്‍ താന്‍ മോഹന്‍ലാലില്‍ നിന്ന് പഠിച്ച വലിയ പാഠമാണ് അതെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.
‘ചക്രം എന്ന സിനിമയില്‍ ഞാനും കൂടി ജോയിന്‍ ചെയ്ത ശേഷമാണ് ഷൂട്ട് മുടങ്ങിയത്. രണ്ടാഴ്ച ഷൂട്ട് നടന്നിരുന്നു. അതില്‍ എട്ട് ദിവസമായിരുന്നു എന്റെ പോര്‍ഷന്‍. അതില്‍ പലതും ലാലേട്ടന്റെ കൂടെയായിരുന്നു എന്റെ ഭാഗങ്ങള്‍. പല ദിവസങ്ങളിലും ലാല്‍ സാറും ഡയറക്ടറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നു. അങ്ങനെയാണ് ആ സിനിമ മുടങ്ങിയത്.
പക്ഷേ ആ എട്ട് ദിവസം കൊണ്ട് മോഹന്‍ലാല്‍ എന്ന നടനെപ്പറ്റി ഞാന്‍ മനസിലാക്കി. സെറ്റില്‍ ബ്രേക്ക് ടൈം കിട്ടുമ്പോള്‍ പോലും അദ്ദേഹം ഒരു ബുക്ക് പോലും വായിക്കാറില്ല. നമ്മളൊക്കെ എന്തെങ്കിലും വായിച്ചുകൊണ്ട് ഇരിക്കുമല്ലോ. ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഞാന്‍ ബ്രേക്കിന്റെ സമയത്ത് സ്‌ക്രിപ്റ്റ് പോലും വായിക്കാറില്ല, സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ ആ മാജിക് അങ്ങ് നടക്കട്ടെ’ എന്നാണ് പറഞ്ഞത്.
കാരണം, ആ അറ്റ്‌മോസ്ഫിയറില്‍ അദ്ദേഹം ക്യാരക്ടറായി നില്‍ക്കുകയാണ്. അതിനിടയില്‍ മറ്റൊരു ഡിസ്ട്രാക്ഷനിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിക്കില്ല. അതുമാത്രമല്ല, സെറ്റിലെ ചെറിയ പണികളില്‍ വരെ അദ്ദേഹം സഹായിക്കാനിറങ്ങും. ഉദാഹരണത്തിന്, ഫോക്കസ് പുള്ളറെ സഹായിക്കുക എന്നിങ്ങനെ. ഇന്ത്യയിലെ മറ്റൊരു ഇന്‍ഡസ്ട്രിയിലും ഒരു സൂപ്പര്‍സ്റ്റാറും അത്തരം കാര്യങ്ങള്‍ ചെയ്യില്ല. ആ സെറ്റില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണത്,’ വിദ്യ ബാലന്‍ പറയുന്നു.
Content Highlight: Vidya Balan shares the shooting experience with Mohanlal in Chakram movie