മമ്മൂട്ടിയുടെ ആ സിനിമ പോലെ ഒന്ന് ബോളിവുഡിലെ ഒരു നടനും ചെയ്യാന്‍ കഴിയില്ല: വിദ്യാ ബാലന്‍
Film News
മമ്മൂട്ടിയുടെ ആ സിനിമ പോലെ ഒന്ന് ബോളിവുഡിലെ ഒരു നടനും ചെയ്യാന്‍ കഴിയില്ല: വിദ്യാ ബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th April 2024, 8:12 pm

കാതല്‍ സിനിമ തനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്ന് പറയുകയാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. ആ സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, അത് നിര്‍മിക്കുക കൂടി ചെയ്തതോട് കൂടി ഒരു കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കിയതെന്നും വിദ്യാ ബാലന്‍ പറഞ്ഞു. അണ്‍ഫില്‍റ്റര്‍ഡ് ബൈ സാംദിഷിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ട് ദുല്‍ഖറിന് മെസേജയച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘മലയാളസിനിമകള്‍ കൂടുതലായി കാണാന്‍ ശ്രമിക്കാറുണ്ട്. ലാലേട്ടന്റെ സിനിമകളാണ് കൂടുതലും കാണാറുള്ളത്. കാരണം, അദ്ദേഹം കോമഡി ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. പക്ഷേ മമ്മൂക്കയെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈയടുത്ത് മമ്മൂക്ക അഭിനയിച്ച കാതല്‍ എന്ന സിനിമ കണ്ടു. അതില്‍ അദ്ദേഹം വളരെ ഗംഭീരമായി ആ വേഷം ചെയ്തു.

സിനിമ കണ്ട ശേഷം ഞാന്‍ ദുല്‍ഖറിന് മെസേജയച്ചു, കാതല്‍ എനിക്ക് വളരെയധികം ഇഷ്ടമായെന്നും എന്റെ ഈ മെസേജ് മമ്മൂക്കയെ അറിയക്കണമെന്നുമാണ് ആ മെസേജില്‍ ഉണ്ടായിരുന്നത്. അദ്ദേഹം ആ സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, അത്തരമൊരു സിനിമ നിര്‍മിക്കാനുള്ള ധൈര്യം കൂടി കാണിച്ചു. മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഗേ കഥാപാത്രമായി അഭിനയിക്കുക എന്നത് തന്നെ ആ കമ്മ്യൂണിറ്റിക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ അംഗീകാരമല്ലേ?

അതിലൂടെ ഒരുപാട് പേരുടെ മനസില്‍ ആ സമൂഹത്തോടുള്ള കാഴ്ചപ്പാട് മാറ്റാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വളരെ ബ്രില്ല്യന്റായിട്ടുള്ള കാര്യമാണത്. നിര്‍ഭാഗ്യവാശാല്‍ കാതല്‍ പോലുള്ള കഥാപാത്രം ചെയ്യാന്‍ കഴിവുള്ള സൂപ്പര്‍താരങ്ങള്‍ ഇപ്പോള്‍ ബോളിവുഡില്‍ ഇല്ല. കാരണം അവരെല്ലാം അവരുടേതായ ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട് അതില്‍നിന്ന് പുറത്തു വരാന്‍ അവര്‍ക്കാകില്ല,’ വിദ്യാ ബാലന്‍ പറഞ്ഞു.

Content Highlight: Vidya Balan saying that any Bollywood superstar can’t do Mammootty’s performance in Kaathal movie