| Thursday, 12th August 2021, 3:42 pm

ഒരിക്കലും സ്വന്തം ചിത്രങ്ങളില്‍ ഫോട്ടോഷോപ്പ് അനുവദിക്കാത്തയാളാണ് വിദ്യ ബാലന്‍; വെളിപ്പെടുത്തലുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മലയാളി കൂടിയായ വിദ്യ ബാലന്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ഒരു ഇരിപ്പിടം നേടിയെടുക്കാന്‍ വിദ്യ ബാലന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിദ്യ ബാലനേക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി. തന്റെ ഫോട്ടോകളില്‍ റീ ടച്ച് ചെയ്യരുതെന്ന് ഫോട്ടോഗ്രാഫര്‍മാരോടും മാഗസിനുകളോടും വിദ്യ ബാലന്‍ നിര്‍ബന്ധമായി പറയാറുണ്ടെന്നാണ് രത്നാനി പറയുന്നത്.

താന്‍ എന്താണോ അത് തന്നെ പുറത്തേക്ക് വന്നാല്‍ മതിയെന്നാണ് അവരുടെ കാഴ്ചപ്പാടെന്നും രത്നാനി പറയുന്നു. ഒരു ചിത്രം എങ്ങനെ കാണിക്കണമെന്ന് ശഠിക്കുന്ന ഫാഷന്‍ സ്റ്റീരിയോടൈപ്പുകളോട് അവര്‍ക്ക് താല്‍പര്യമില്ല. യഥാര്‍ത്ഥത്തില്‍ ഉള്ളതിലും വണ്ണം കുറച്ച് ഫോട്ടോയില്‍ കാണിക്കുന്ന പ്രവണത അവര്‍ക്കിഷ്ടമല്ലെന്നും രത്നാനി ചൂണ്ടിക്കാട്ടുന്നു. വിദ്യ അവരുടെ ശരീരഘടനയില്‍ അഭിമാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പരമാവധി ലൈറ്റിംഗ് ശരിയാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ചിത്രങ്ങളില്‍ റീ ടച്ച് ചെയ്യാന്‍ വിദ്യ സമ്മതിക്കാറില്ല. തന്റെ ചിത്രം കളര്‍ കറക്ഷന്‍ മാത്രമേ ചെയ്യാവൂ എന്ന് എഡിറ്റോറിയല്‍ ടീമിന് കൃത്യമായ നിര്‍ദേശം അവര്‍ നല്‍കാറുണ്ട്. ആവശ്യമെങ്കില്‍ ബാക്ക്ഗ്രൗണ്ടിന് കളര്‍ കറക്ഷന്‍ വരുത്താറുണ്ട്,’ മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രത്നാനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഒരുസമയത്ത് നിരന്തരമായി താന്‍ ബോഡി ഷെയ്മിംഗ് അനുഭവിച്ചിരുന്നതായി വിദ്യ ബാലന്‍ പറഞ്ഞിരുന്നു. തനിക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഒരുപാട് കാലം താനെന്റെ ശരീരത്തെ വെറുത്തിരുന്നെന്നും അന്നൊക്കെ വല്ലാത്ത സമ്മര്‍ദ്ദമായിരുന്നു അനുഭവിച്ചിരുന്നതെന്നും താരം പറഞ്ഞിരുന്നു.. ഇന്നാല്‍ ഇന്ന് അങ്ങനെയെല്ലെന്നും സ്വന്തം ശരീരത്തെ താന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കിയിരുന്നു. ‘ഷെര്‍ണി’ സിനിമയ്ക്കായി ഈ വര്‍ഷമാദ്യം വിദ്യ ഭാരം കുറച്ചതും വലിയ ചര്‍ച്ചയായിരുന്നു.

മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലന്‍ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 2003 ല്‍ പുറത്തിറങ്ങിയ ഭലോ ദേക്കോ എന്ന ബംഗാളി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വിദ്യ സിനിമയില്‍ തുടക്കം കുറിക്കുന്നത്.

‘പരിണീത” എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും അവര്‍ക്ക് ലഭിച്ചു. പിന്നീട് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കാരവും വിദ്യയെ തേടിയെത്തി. കൂടാതെ 2014 ല്‍ പത്മശ്രീ പുരസ്‌കാരവും വിദ്യയ്ക്ക് ലഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vidya Balan has a strict ‘no photoshop’ policy on shoots, says Dabboo Ratnani

Latest Stories

We use cookies to give you the best possible experience. Learn more