ബോളിവുഡ് അഭിനേത്രി വിദ്യാബാലന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ആളുകളില്‍ നിന്ന് പണമാവശ്യപ്പെടുകയും ചെയ്യുന്നതിനെതിരെ താരം പൊലീസില്‍ പരാതിപ്പെട്ടു. മുംബൈ പൊലീസിലാണ് താരം പരാതിപ്പെട്ടത്. താരത്തിന്റെ പേരില്‍ മെയില്‍ ഐ.ഡിയും ഇന്‍സ്റ്റഗ്രാം ഐഡിയും നിര്‍മിച്ച് ബോളിവുഡിലെ ആളുകളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് അയാള്‍ പണം വാങ്ങാന്‍ ശ്രമിച്ചതായും വിദ്യയുടെ പരാതിയില്‍ പറയുന്നു.
താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസിന്റെ ഖാര്‍ പൊലീസ് സ്റ്റേഷന്‍ ഐടി സെക്ഷന്‍ 66 (സി) പ്രകാരം അജ്ഞാതനായ ഒരാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് വിദ്യാ ബാലന്‍ ഇന്നലെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘എല്ലാവര്‍ക്കും ഹായ്… ആദ്യം എന്റെ പേരില്‍ ഫോണ്‍ നമ്പര്‍, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ എടുത്തിരിക്കുന്നു. ആ അക്കൗണ്ടില്‍ നിന്ന് എനിക്ക് പരിചയമുള്ള ആളുകളെ ബന്ധപ്പെടുന്നു. ഞാനും എന്റെ ടീമും ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിങ്ങളും ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക. എന്റെ പല സുഹൃത്തുക്കളുമായും പരിചയക്കാരുമായും സംസാരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. അത് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക’ താരം പറഞ്ഞു.
Content Highlight: Vidya Balan filed complaint against her fake accounts