| Wednesday, 4th May 2022, 7:14 pm

രോഹിത് വെമുലയിലേക്കും ഫാത്തിമ ലത്തീഫിലേക്കും വിരല്‍ ചൂണ്ടുന്ന വിദ്യ; ജന ഗണ മനയിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാതി രാഷ്ട്രീയം വോട്ട് രാഷ്ടീയം, മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമം, എന്നിങ്ങനെ സമകാലീന ഇന്ത്യയിലെ പ്രധാന സംഭവങ്ങളെല്ലാം പ്രതിപാദിച്ച് ചര്‍ച്ചയിലേക്ക് ഉയര്‍ന്ന ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ചിത്രത്തില്‍ രണ്ടാം പകുതിയിലെത്തിയ ദിവ്യ എന്ന വിദ്യാര്‍ത്ഥിനി നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകരുടെ മനസിലേക്ക് ഉയര്‍ത്തി വിട്ടത്.

ജാതിയുടെയും മതത്തിന്റെ പേരില്‍ ആത്മാഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങള്‍ പോലും നഷ്ടപ്പെടുന്നത് യാതൊരു മറയുമില്ലാതെയാണ് ജന ഗണ മനയില്‍ ചര്‍ച്ചയാക്കപ്പെട്ടത്.

അധ്യാപകന്റെ അവഹേളനത്തിലും വിദ്യാഭ്യാസം തടസപ്പെടുന്നതിന്റേയും മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിന് വിധേയരാവുന്ന ഇന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികളുടെ പ്രതീകമാണ്.

ഇത്തരത്തില്‍ രാജ്യത്താകമാനം ചര്‍ച്ചയാക്കപ്പെട്ട മരണങ്ങളാണ് 2016 ല്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്തിരുന്ന രോഹിത് വെമുലയുടേതും ചെന്നൈ ഐ.ഐ.ടിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ ലത്തീഫിന്റേതും.

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത് വെമുല അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു. അതിന്റെ ബാനറില്‍ സര്‍വകലാശാലയിലെ പ്രശ്നങ്ങളില്‍ ഇടപെട്ട രോഹിത് വെമുലക്കുള്ള ഫെലോഷിപ് തുക 2015 ജൂലൈ മുതല്‍ സര്‍വകലാശാല നിറുത്തിക്കളഞ്ഞു.

അതിനിടെ എ.എസ്.എ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്ന എ.ബി.വി.പി ലീഡര്‍ സുശീല്‍കുമാറിന്റെ വ്യാജപരാതിയില്‍ രോഹിത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ 2015 ഓഗസ്റ്റില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിക്കുന്നു. സ്ഥലം ബി.ജെ.പി എം.പി. അവര്‍ ദേശദ്രോഹപരവും ജാതീയവുമായ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുകയാണ് എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുന്നുമുണ്ട്.

കേന്ദ്രമന്ത്രിയുടെ ഇടപെടലിന്റെ കൂടെ അനന്തരഫലമെന്നോണം 2015 സെപ്റ്റംബറില്‍ സംഘപരിവാര്‍ അനുകൂലി കൂടിയായ വൈസ് ചാന്‍സലര്‍ അപ്പാറാവു, രോഹിത് വെമുല അടക്കമുള്ള ദളിത് ആക്റ്റിവിസ്റ്റുകളെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ കാമ്പസില്‍ സമരത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. 2016 ജനുവരി 3-ന് അവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി സര്‍വകലാശാല ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചു.

രോഹിതിന്റെ 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് തനിക്കത് അനുവദിച്ച് തരുന്നില്ലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ പകരം തരണമെന്ന് രോഹിത് വി.സിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും രോഹിത് അപേക്ഷിച്ചിരുന്നു. 2016 ജനുവരി 17-ന് ഒരുമുഴം കയറില്‍ തൂങ്ങിയാടുന്ന രോഹിതിനെയാണ് കൂട്ടുകാര്‍ കണ്ടത്. അന്നയാള്‍ക്ക് 26 വയസായിരുന്നു പ്രായം.

രോഹിത്തിന്റെ ആത്മഹത്യയില്‍ രാജ്യമാകം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ രോഹിത്തിന്റേത് മനോവിഷമം കാരണമുള്ള ആത്മഹത്യയെന്നായിരുന്നു അന്ന് ഹൈദരാബാദ് സര്‍വകലാശാല റിപ്പോര്‍ട്ട്.

2019 ല്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തിലും ചെന്നൈ ഐ.ഐ.ടിക്കും പങ്കുണ്ടായിരുന്നു. പഠിക്കാന്‍ സമര്‍ഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ കാര്യമായി മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

മതപരമായ വേര്‍തിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ കൂടി നിഷേധിച്ചാണ് ഐ.ഐ.ടി ഡയറ്കടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഐ.ഐ.ടിയില്‍ നേരത്തെ സംഭവിച്ച ആത്മഹത്യകളും വ്യക്തിപരമായ മനോവിഷമം കാരണമെന്നാണ് ആ റിപ്പോര്‍ട്ടിലെ വിശദീകരണം.

ഐ.ഐ.ടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന ഫാത്തിമയുടെ മൊബൈലിലെ ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് സംഘം സ്ഥിരീകരിച്ചിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐ.ഐ.ടി അഭ്യന്തര സമിതി റിപ്പോര്‍ട്ട് നല്‍കിയത്. അധ്യാപകരെ കുറ്റവിമുക്തരാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിച്ചത്.

ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തങ്ങളെ ബന്ധപ്പെടുന്നില്ലെന്ന് കുടംബം പറഞ്ഞിരുന്നു.

കേസ് അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ കഴിഞ്ഞായിരുന്നു സി.ബി.ഐ സംഘം ഫാത്തിമ ലത്തീഫിന്റെ മൊഴിയെടുക്കാന്‍ കൊല്ലത്തെ വീട്ടില്‍ എത്തിയത്. മാതാപിതാക്കളുെ മൊഴിരേഖപ്പെടുത്തിയശേഷം അവര്‍ മടങ്ങി. പിന്നീട് അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവും ഫാത്തിമയെ ആത്മഹത്യയിലേക്കു നയിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. എങ്കിലും ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Content Highlight: vidhya in jana gana mana pointing fingers at Rohit Vemula and Fatima Latif

We use cookies to give you the best possible experience. Learn more