ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് നടി വിദ്യ ബാലന്‍. എന്നാല്‍ വിവാഹം ജീവിതത്തില്‍ അത്യാവശ്യമാണെന്നാണ് തന്റെ മാതാപിതാക്കള്‍ കരുതിയിരുന്നതെന്നും വിദ്യ ബാലന്‍ പറഞ്ഞു. തനിക്ക് ചേരുന്ന ഒരാളെ കണ്ടാല്‍ മാത്രമേ വിവാഹം ചെയ്യുകയുള്ളു എന്നാണ് താന്‍ തീരുമാനിച്ചെതെന്നും അവര്‍ പറഞ്ഞു.
പിന്നീടാണ് തന്റെ പങ്കാളിയായ സിദ്ധാര്‍ത്ഥിനെ കണ്ടുമുട്ടുന്നതെന്നും പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്ക് പോകുന്നതെന്നും വിദ്യ ബാലന്‍ പറഞ്ഞു. മുമ്പ് പല പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്നത് അത്യാവശ്യമുള്ള കാര്യമാണെന്ന് മാതാപിതാക്കള്‍ എന്നോട് പറയുമായിരുന്നു. എന്നാല്‍ ഞാന്‍ കല്യാണം കഴിക്കണമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. എനിക്ക് ചേരുന്ന ഒരാളെ കാണുകയാണെങ്കില്‍ കല്യാണത്തിന് ശ്രമിക്കാം എന്നാണ് പിന്നീട് കരുതിയിരുന്നത്. അങ്ങനെയാണ് അച്ഛനെയും അമ്മയെയും സമാധാനിപ്പിച്ചിരുന്നത്. കാരണം അതുവരെ അങ്ങനെ ഒരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നിരുന്നില്ല.
പിന്നീട് ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് തിരക്കുകളിലായി. ഇതിനിടയിലാണ് സിദ്ധാര്‍ഥുമായി പരിചയത്തിലാവുന്നത്. സാധാരണ ഒരാളെ കണ്ടുമുട്ടുന്നത് പോലെ വളരെ കാഷ്വലായിട്ടാണ് ഞാന്‍ അദ്ദേഹത്തേയും കണ്ടുമുട്ടുന്നത്. എന്നാല്‍ അദ്ദേഹത്തോട് കൂടുതല്‍ അടുത്തപ്പോള്‍ വിവാഹം കഴിച്ചാലോ എന്ന ആഗ്രഹം വന്നു. എന്റെ അതേ ചിന്തകള്‍ സിദ്ധാര്‍ത്ഥിനും വന്നപ്പോള്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഞങ്ങളെത്തി.
സിദ്ധാര്‍ത്ഥിനെ പരിചയപ്പെടുന്നതിന് മുമ്പ് നിരവധി പ്രണയങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇങ്ങനെയായിരുന്നില്ല. മുമ്പ് റൊമാന്‍സൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും കല്യാണം കഴിക്കണമെന്ന ചിന്ത വരെയൊന്നും എത്തിയിരുന്നില്ല. വിവാഹം കഴിക്കുമോന്ന് പോലും ചിന്തിക്കാത്ത ഞാനാണ് ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ കൂടെ സന്തുഷ്ടയായ ഭാര്യയായി ജീവിക്കുന്നത്. വിവാഹം ഇത്രയും മനോഹരമാണെന്ന് ഒരിക്കലും കരുതിയിട്ടില്ല,’ വിദ്യ ബാലന്‍ പറഞ്ഞു.
content highlight: vidhya balan talks about her relationship