സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിദ്യ ബാലന്‍. മലയാളത്തിന്റെ മുഖമായി ബോളിവുഡില്‍ താരപരിവേഷം നേടിയെടുത്ത നടി കൂടിയാണ് അവര്‍. സില്‍ക്ക് സ്മിതയുടെ ബയോപിക്കായ ഡേര്‍ട്ടി പിക്ച്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയെടുക്കാനും വിദ്യക്കായി.
തന്റെ സിനിമ ജീവിതത്തിലെ ആദ്യ ചിത്രം മോഹന്‍ലാലിനോടൊപ്പമുള്ള ചക്രമായിരുനെന്നും എന്നാല്‍ സിനിമ പകുതിക്കുവെച്ച് ഉപേക്ഷിച്ചെന്നും വിദ്യ ബാലന്‍ പറയുന്നു. ആ ചിത്രം നടക്കാത്തതുകൊണ്ട് കരാര്‍ എഴുതിയ മറ്റ് മൂന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ മാറ്റിയെന്നും വിദ്യ പറയുന്നു.
ആ സമയത്തെല്ലാം വളരെ വിഷമമുണ്ടായെന്നും കഠിനമായ വര്‍ഷങ്ങളായിരുന്നു അതിന് ശേഷം തനിക്കുണ്ടായതെന്നും താരം പറഞ്ഞു. പക്ഷെ അന്ന് അങ്ങനെ സംഭവിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തന്നെ താന്‍ ആക്കി തീര്‍ത്തത് ആ സംഭവങ്ങളാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.
‘ഞാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒരു മലയാള സിനിമയായിരുന്നു. എന്നാല്‍ ചിത്രം പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടതായി വന്നു. ചക്രം എന്നായിരുന്നു ആ സിനിമയുടെ പേര്. മോഹന്‍ലാല്‍ ആയിരുന്നു ആ സിനിമയിലെ നായകന്‍. മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ച കാര്യം ഞാന്‍ അറിയുന്നത്. ആ സിനിമ നടക്കാത്തതുകൊണ്ട് ആ സമയത്ത് എഗ്രിമെന്റ് എഴുതിയിരുന്ന മറ്റ് മലയാള സിനിമകളില്‍ നിന്നെല്ലാം എന്നെ ഒഴിവാക്കി.
പിന്നീട് എന്റെ ജീവിതത്തിലെ വളരെ പ്രയാസം നിറഞ്ഞ മൂന്ന് വര്‍ഷങ്ങളായിരുന്നു. കഴിക്കാന്‍ വെച്ച ഭക്ഷണം ആരോ തട്ടിപ്പറിക്കുന്ന പോലെയായിരുന്നു എനിക്ക് തോന്നിയത്. വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു. കോണ്‍ഫിഡന്‍സെല്ലാം വളരെ കുറഞ്ഞുപോയി. പക്ഷെ അങ്ങനെ എല്ലാം സംഭവിച്ചതില്‍ എനിക്ക് ഇപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും. ഇപ്പോഴുള്ള എന്നെ ആക്കിയത് ആ സംഭവങ്ങളാണ്,’ വിദ്യ ബാലന്‍ പറയുന്നു.
Content Highlight: Vidhya Balan Talks About Her First Film With Mohanlal