അതിശയകരമായ സിനിമകള്‍; ആ മലയാള നടന്റെ പടങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്: വിദ്യ ബാലന്‍
Entertainment
അതിശയകരമായ സിനിമകള്‍; ആ മലയാള നടന്റെ പടങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്: വിദ്യ ബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th October 2024, 9:25 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിദ്യ ബാലന്‍. മലയാളത്തിന്റെ മുഖമായി ബോളിവുഡില്‍ താരപരിവേഷം നേടിയെടുത്ത നടി കൂടിയാണ് അവര്‍. ഒരുപാട് ആളുകള്‍ ഇപ്പോള്‍ മലയാളം സിനിമകള്‍ കാണുന്നുണ്ടെന്നും അതിന് നന്ദി പറയേണ്ടത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനോടാണെന്നും പറയുകയാണ് വിദ്യ.

മലയാള സിനിമയിലേക്ക് ഒരു സംവിധായകനോട് ഓക്കെ പറയണമെങ്കില്‍ ആ സംവിധായകന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദ്യ ബാലന്‍. വളരെ സോളിഡായ റോള് ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ മലയാളത്തില്‍ അഭിനയിക്കുമെന്നാണ് നടി പറയുന്നത്.

നടന്‍ ഫഹദ് ഫാസില്‍ ചെയ്യുന്ന വര്‍ക്കുകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഫഹദ് വളരെ അതിശയകരമായ സിനിമകളാണ് ചെയ്യുന്നതെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സത്യത്തില്‍ നമ്മള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനോട് വലിയ നന്ദി പറയണം. കാരണം ഒരുപാട് ആളുകള്‍ ഇപ്പോള്‍ മലയാളം സിനിമകള്‍ കാണുന്നുണ്ട്. എനിക്ക് വളരെ സോളിഡായ റോള് ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ സിനിമ ചെയ്യും. അങ്ങനെയുള്ള സിനിമ വരണം.

മലയാള സിനിമയെ കുറിച്ച് ചോദിച്ചാല്‍, ഇപ്പോള്‍ ഫഹദ് ഫാസില്‍ ചെയ്യുന്ന വര്‍ക്കുകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വളരെ അതിശയകരമായ സിനിമകളാണ് ചെയ്യുന്നത്.

ഫഹദ് മാത്രമല്ല, മലയാളത്തില്‍ മികച്ച കുറേ ആളുകളുണ്ട്. ബേസില്‍ ജോസഫ് അതില്‍ ഒരാളാണ്. അദ്ദേഹം ഒരേസമയം ഒരു നടനും സംവിധായകനുമാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് അന്ന ബെന്നിനെയും ഒരുപാട് ഇഷ്ടമാണ്.

ഈയിടെ ഇറങ്ങിയ മലയാള സിനിമകള്‍ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ഞാന്‍ കണ്ടിട്ടില്ല. അത് എനിക്ക് മിസായി. അതിനുള്ള സമയം ഉണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞതും ഉടനെ തന്നെ പ്രൊമോഷന്‍സിന് വേണ്ടി ഇറങ്ങേണ്ടി വന്നു,’ വിദ്യ ബാലന്‍ പറയുന്നു.


Content Highlight: Vidhya Balan Talks About Fahadh Faasil