Entertainment
കോളിളക്കത്തില്‍ ഹെലികോപ്റ്റര്‍ വേണമെന്ന് സ്റ്റണ്ട് മാസ്റ്റര്‍ നിര്‍ബന്ധം പിടിക്കാന്‍ കാരണം ആ ബോളിവുഡ് ചിത്രം: വിധുബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 02, 07:02 am
Sunday, 2nd February 2025, 12:32 pm

മലയാളത്തിന്റെ അനശ്വരനടന്‍ ജയന്‍ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു കോളിളക്കം. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ജയന് അപകടം സംഭവിച്ചത്. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് അപകടം നേരിട്ടത്. ജയന്‍ മലയാളസിനിമയില്‍ ഉണ്ടാക്കിയ വിടവ് ഇന്നും ഒരു നടനും നികത്താന്‍ സാധിച്ചിട്ടില്ല.

ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിധുബാല. ക്ലൈമാക്‌സ് ഫൈറ്റിനായ ഹെലികോപ്റ്റര്‍ വേണമെന്ന് ഐഡിയ ആ സിനിമയുടെ സ്റ്റണ്ട് മാസ്റ്ററുടേതായിരുന്നെന്ന് വിധുബാല പറഞ്ഞു. മലയാളത്തില്‍ ആദ്യമായാണ് അത്തരമൊരു രംഗം എടുക്കുന്നതെന്നും അന്നത്തെ കാലത്ത് വലിയ ചെലവുള്ള സീനായിരുന്നു അതെന്നും വിധുബാല കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചന്‍ ഒരു ഹിന്ദി സിനിമയില്‍ ഇതുപോലെ ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടക്കുന്ന ഷോട്ട് ആ സ്റ്റണ്ട് മാസ്റ്റര്‍ കണ്ടെന്നും അത് അയാള്‍ക്ക് ഇഷ്ടമായെന്നും വിധുബാല പറഞ്ഞു. അതുപോലെ ഒന്ന് മലയാളത്തില്‍ വേണമെന്ന് തോന്നിയാണ് കോളിളക്കത്തിലേക്ക് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടതെന്ന് വിധുബാല കൂട്ടിച്ചേര്‍ത്തു.

ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ബാലന്‍ കെ. നായര്‍ ഹെലികോപ്റ്ററില്‍ കാല് പുറത്തിട്ട് ഇരിക്കുകയായിരുന്നെന്നും ബാലന്‍സ് പോകാതിരിക്കാന്‍ വേണ്ടി ഹെലികോപ്റ്ററില്‍ തൊടരുതെന്ന് പൈലറ്റ് അദ്ദേഹത്തോട് നിര്‍ദേശിച്ചെന്നും വിധുബാല പറഞ്ഞു. ബൈക്കില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് തൂങ്ങിപ്പിടിച്ചപ്പോഴാണ് പൈലറ്റിന്റെ കണ്‍ട്രോള്‍ പോയതെന്നും അതാണ് അപകടത്തിന് കാരണമായതെന്നും ബാലന്‍ കെ. നായര്‍ തന്നോട് പറഞ്ഞിരുന്നെന്ന് വിധുബാല കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വിധുബാല.

‘കോളിളക്കത്തിലേക്ക് ഹെലികോപ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടത് അതിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്നു. പുള്ളി ഏതോ ഹിന്ദി പടത്തില്‍ അമിതാഭ് ബച്ചന്‍ അങ്ങനെ ഹെലികോപ്റ്ററില്‍ തൂങ്ങിനില്‍ക്കുന്ന ഷോട്ട് കണ്ടപ്പോഴാണ് അങ്ങനെ ഒന്ന് മലയാളത്തിലും വേണമെന്ന് തോന്നി. അന്നത്തെ കാലത്ത് വലിയ ചെലവുള്ള കാര്യങ്ങളായിരുന്നു അത്.

ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ബാലന്‍ കെ. നായര്‍ ചേട്ടനും ഉണ്ടായിരുന്നു. അദ്ദേഹമാണ് അന്നുണ്ടായ കാര്യങ്ങള്‍ എന്നോട് പറഞ്ഞത്. ഹെലികോപ്റ്ററില്‍ കാല് പുറത്തേക്ക് ഇട്ടായിരുന്നു ബാലന്‍ ചേട്ടന്‍ ഇരുന്നത്. ഹെലികോപ്റ്ററില്‍ തൊടരുതെന്ന് പൈലറ്റ് പുള്ളിയോട് പറഞ്ഞിരുന്നു. ബാലന്‍സ് പോകാതിരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം അത് പറഞ്ഞത്. പിന്നീട് ജയന്‍ ബൈക്കില്‍ നിന്നുകൊണ്ട് ഹെലികോപ്റ്ററില്‍ പിടിച്ചുകയറാന്‍ നോക്കിയപ്പോഴാണ് ബാലന്‍സ് തെറ്റിയതും ക്രാഷായതും,’ വിധുബാല പറഞ്ഞു.

Content Highlight: Vidhubala shares the making of Kolilakkam movie climax and Jayan’s Accident