സംവിധായകനടക്കമുള്ളവരുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ആറാട്ട്, ബിഗ് സല്യൂട്ട്: വിധു വിന്‍സെന്റ്
Film News
സംവിധായകനടക്കമുള്ളവരുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ആറാട്ട്, ബിഗ് സല്യൂട്ട്: വിധു വിന്‍സെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th February 2022, 5:00 pm

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ‘ആറാട്ട്’ ഫെബ്രുവരി 18 നാണ് തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എന്റര്‍ടൈനറാണ് ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിക്കിടയില്‍ ചിത്രീകരിച്ച സിനിമ തിയേറ്ററില്‍ തന്നെ എത്തിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം സിനിമക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്റ്. സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു നിന്ന സമയത്ത് ഈ മേഖലക്ക് ഉണര്‍വും ഉന്മേഷവും നല്കാനുതകുന്ന എന്തെങ്കിലും സംഭവിച്ചേ തീരൂ എന്ന ആലോചനയില്‍ നിന്നാണ് മോഹന്‍ലാല്‍ – ഉണ്ണികൃഷ്ണന്‍ – ഉദയകൃഷ്ണന്‍ ടീം ആറാട്ടിലേക്കെത്തുന്നത് എന്ന് വിധു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ആയിരത്തിലധികം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുന്നൂറോളം ക്രൂ മെമ്പേഴ്‌സുമൊക്കെയായി ഒരു പാട് പേര്‍ക്ക് ആ വറുതിയുടെ കാലത്ത് ആറാട്ടിന്റെ ചിത്രീകരണം വലിയ ആശ്വാസം നല്‍കിയെന്നും വിധു പറയുന്നു.

അങ്ങേയറ്റം ബുദ്ധിമുട്ടുകളുണ്ടായിട്ടും സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും ഒന്നു കൊണ്ട് മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ആറാട്ടെന്നും സിനിമയുടെ ആദ്യ പ്രദര്‍ശനം സംഭവിക്കേണ്ടത് തിയേറ്ററുകളില്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചുനിന്നതിന് ആറാട്ട് ടീമംഗങ്ങള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും വിധു കൂട്ടിച്ചേര്‍ത്തു.

Mohanlal-starrer Aaraattu teaser out; hints at an explosive action story- Cinema express

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍  അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ. ആര്‍. റഹ്മാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

വിധു വിന്‍സെന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ആറാട്ട് ഇന്ന് തീയേറ്ററുകളിലെത്തുന്നു.
കഴിഞ്ഞ കൊവിഡ് കാലത്താണ് ആറാട്ടിന്റെ ചിത്രീകരണം തുടങ്ങുന്നത്. കൊവിഡും തുടര്‍ന്നുണ്ടായ ലോക് ഡൗണും എല്ലാ മേഖലകളെയുമെന്ന പോലെ സിനിമാ രംഗത്തെയും അടിമുടി താറുമാറാക്കുകയും തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു കൊണ്ടിരുന്ന സമയം.

സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു നിന്ന സമയത്ത് ഈ മേഖലക്ക് ഉണര്‍വും ഉന്മേഷവും നല്കാനുതകുന്ന എന്തെങ്കിലും സംഭവിച്ചേ തീരൂ എന്ന ആലോചനയില്‍ നിന്നാണ് മോഹന്‍ലാല്‍ – ഉണ്ണികൃഷ്ണന്‍ – ഉദയകൃഷ്ണന്‍ ടീം ആറാട്ടിലേക്കെത്തുന്നത്. ആയിരത്തിലധികം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുന്നൂറോളം ക്രൂ മെമ്പേഴ്‌സുമൊക്കെയായി ഒരു പാട് പേര്‍ക്ക് ആ വറുതിയുടെ കാലത്ത് ആറാട്ടിന്റെ ചിത്രീകരണം നല്കിയ ആശ്വാസം ചെറുതായിരുന്നില്ല.

ദിവസവും നൂറും ഇരുന്നൂറും പേര്‍ക്ക് വീതം പി.സി.ആര്‍ ടെസ്റ്റും ഷൂട്ടിംഗിനിടയില്‍ പാലിക്കേണ്ട കൊവിഡ് പെരുമാറ്റചട്ടങ്ങളും ഒക്കെയായി അങ്ങേയറ്റം ബുദ്ധിമുട്ടുകളുണ്ടായിട്ടും സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും ഒന്നു കൊണ്ട് മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ആറാട്ട്.

സിനിമയുടെ ആദ്യ പ്രദര്‍ശനം സംഭവിക്കേണ്ടത് തിയേറ്ററുകളില്‍ തന്നെയാണെന്ന നിലപാടിലും ഉറച്ചുനിന്നതിന് ആറാട്ട് ടീമംഗങള്‍ക്ക് ബിഗ് സല്യൂട്ട്.

രണ്ട് രണ്ടര മണിക്കൂര്‍ കൊണ്ട് നമ്മള്‍ കണ്ടു തീര്‍ക്കുന്ന ഓരോ സിനിമക്ക് പിന്നിലും ഒരു പാട് മനുഷ്യരുടെ അധ്വാനവും വേദനയും കണ്ണുനീരുമാണെന്ന് ആറാട്ട് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. സിനിമക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എല്ലാ വിജയാശംസകളും.


Content Highlight: vidhu vincent says Aratt is a film that was completed with the courage of the director and team