എന്തുകൊണ്ടാണ് ഇത്രയും ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നത്; നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ വിധു വിന്‍സെന്റ്
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായക വിധു വിന്‍സെന്റ്. നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിഗ് കൗണ്‍സല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചതെന്നും വിധുവിന്‍സെന്റ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ് ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് സങ്കടകരമാണെന്നും ഇത് ഒരു സഹപ്രവര്‍ത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെണ്‍കുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരല്‍ ചൂണ്ടുന്നതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.
ഇത്തരം ഒരു കേസുമായി മുന്നോട്ട് പോയാല്‍ ഒരിക്കലും അവസാനിക്കാത്ത നടപടിക്രമങ്ങളുമായി കാത്തിരിക്കേണ്ടി വരും എന്ന സന്ദേശമാണോ സമൂഹം ഇതില്‍ നിന്നും സ്വീകരിക്കേണ്ടത്? കോടതിയിലേക്ക് ഈ കേസ് എത്തിയിട്ട് രണ്ടു വര്‍ഷത്തോളം കഴിഞ്ഞിട്ടും ഈ തെളിവിനെ കുറിച്ച് പഠിക്കാനോ മറ്റു നടപടിക്രമങ്ങള്‍ക്കായോ വീണ്ടും സമയം ചോദിക്കുന്നത് അപ്പുറത്ത് നില്‍ക്കുന്ന വ്യക്തികള്‍ക്കാണ് കൂടുതല്‍ സൗകര്യം ചെയ്തു കൊടുക്കുന്നതെന്നും വിധു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
സംസ്ഥാനസര്‍ക്കാര്‍ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന ഏതൊരു തരത്തിലുള്ള ഉദാസീനതയും, ജാഗ്രതകുറവും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും വിധു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഹര്‍ജിയിലാണ് നടപടി. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയ സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്തത്.
മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തീരുമാനം ഇന്ന് അറിയിക്കാമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും കൃത്യമായ നിലപാട് അറിയിക്കാന്‍ പൊലീസിനായില്ല. വേനലവധിക്ക് ശേഷം ജൂലൈയില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.