കൊച്ചി: അയോധ്യയിലെ രാമ ക്ഷേത്ര നിർമാണ ദിവസത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഗായകൻ വിധു പ്രതാപ്. ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്ന വാചകമാണ് വിധു പ്രതാപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടന്ന സാഹചര്യത്തിലാണ് വിധു തന്റെ നിലപാട് വ്യക്തമാക്കിയത്.
വിധുവിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘അതെന്താ ചിത്രയ്ക്ക് ഉള്ള ആവിഷ്കാര സ്വാതന്ത്ര്യം വിധു പ്രതാപിന് ഇല്ലേ..അദ്ദേഹം ഒരു മതത്തെയും എടുത്ത് പറയാതെ, തൻ്റെ അഭിപ്രായം പറഞ്ഞതിന് എന്തിനാണ് ഈ സംഘികൾ അശ്ലീലം പറയുന്നത്’ തുടങ്ങിയ കമന്റുകൾക്ക് പുറമെ ‘ജയ് ശ്രീ റാം പറയാനും നട്ടെല്ല് വേണം’ തുടങ്ങിയ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.
ഒരു മതചടങ്ങിന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് മതേതരത്വ ഇന്ത്യയുടെ തകർച്ചയെ സൂചിപ്പിക്കുന്നു എന്ന ആക്ഷേപം പരക്കെ ഉയരുന്നതിനിടെയാണ് ആണ് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കു വെച്ച് തങ്ങളുടെ പ്രതിഷേധം ഉയർത്തുന്നത്.
സംവിധായകൻമാരായ കമൽ, ആഷിഖ് അബു, ജിയോ ബേബി, അഭിനേതാക്കൾ പാർവതി തിരുവോത്ത്, റിമ കല്ലിങ്ങൽ തുടങ്ങിയ മലയാള സിനിമ മേഖലയിലെ പ്രമുഖരാണ് ഇന്ത്യൻ ഭരണഘടനാ ആമുഖം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളുമായി ഇവരുടെ പോസ്റ്റുകളോട് പ്രതികരിക്കുന്നത്.
Content Highlight: Vidhu Pratap clarified his position on Ayodhya Ram Temple consecration